

ലണ്ടന്‍: ഇതിഹാസ പരിശീലകനെന്ന പെരുമ സമ്പാദിച്ച സ്പാനിഷ് കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ ലോകം. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായി പ്രവര്‍ത്തിക്കുന്ന ഗ്വാര്‍ഡിയോള സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ ഫുട്‌ബോളില്‍ നിന്നു ദീര്‍ഘകാലത്തേക്ക് ഇടവേളയെടുക്കുമെന്നു പ്രഖ്യാപിച്ചതാണ് ഫുട്‌ബോള്‍ ലോകത്തെ ചൂടന്‍ ചര്‍ച്ച. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗ്വാര്‍ഡിയോളയുടെ വെളിപ്പെടുത്തല്‍.
സിറ്റിയുമായി 2027 വരെയാണ് കരാറുള്ളത്. അതിനു ശേഷം ഇടവേളയെടുക്കുമെന്നാണ് പരിശീലകന്റെ പ്രഖ്യാപനം. ദീര്‍ഘനാളായി അനുഭവിക്കുന്ന മത്സരങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നു കുറച്ചു കാലം വിട്ടുനില്‍ക്കുകയാണ് തന്റെ ഉദ്ദേശമെന്നു ഗ്വാര്‍ഡിയോള പറയുന്നു.
'സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ ഞാന്‍ പരിശീലക ജോലിയില്‍ നിന്നു വിട്ടുനില്‍ക്കും. അതുറപ്പിച്ചതാണ്. എത്ര കാലത്തേക്കാണ് നിര്‍ത്തുന്നത് എന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. ചിലപ്പോള്‍ ഒരു വര്‍ഷം, ഇല്ലെങ്കില്‍ 2, 3, 5, 10, 15 വര്‍ഷത്തേക്കായിരിക്കും വിട്ടുനില്‍ക്കുക. അറിയില്ല. ആഹ്ലാദം മുതൽ വിഷാദം വരെയുള്ള അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. രാത്രിയിൽ സമ്മർദ്ദമാണ്. പകൽ അതിലേറെയാണ്. എനിക്ക് എന്നെ തിരിച്ചു പിടിക്കേണ്ടതുണ്ട്. എന്റെ മനസിനേയും ശരീരത്തിനേയും.'
'പരിശീലകനെന്ന നിലയിലുള്ള നിലവിലെ അവസ്ഥയെക്കുറിച്ച് ഞാന്‍ സ്വയം പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ വര്‍ഷം നാലോ അഞ്ചോ മാസമായി എല്ലാ എവേ സ്‌റ്റേഡിയങ്ങളില്‍ നിന്നു നിങ്ങളെ ഉടന്‍ പിരിച്ചുവിടുമെന്ന ആക്രോശങ്ങള്‍ കേള്‍ക്കുന്നുണ്ട്. 60,000ത്തോളം ആളുകള്‍ എന്നോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നു.'
'ഇക്കഴിഞ്ഞ സീസണില്‍ സിറ്റിക്ക് കിരീടമൊന്നുമില്ല എന്നത് ശരിയാണ്. ടീമിന്റെ പ്രകടനം പക്ഷേ അത്ര മോശമായിരുന്നില്ല. ഞങ്ങള്‍ എഫ്എ കപ്പിന്റെ ഫൈനലിലെത്തി. പ്രീമിയര്‍ ലീഗില്‍ 12ാം സ്ഥാനമല്ല ടീമിന്, മൂന്നാം സ്ഥാനത്താണെന്നു ഓര്‍ക്കണം. വിജയങ്ങള്‍ ശീലമായപ്പോള്‍ എനിക്ക് വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് കിരീടമൊന്നുമില്ല. അതൊരു പരാജയമാണെന്ന തോന്നലും എനിക്കില്ല. പുതിയ സീസണില്‍ ടീം മികവോടെ തിരിച്ചെത്തും'- ഗ്വാര്‍ഡിയോള വ്യക്തമാക്കി.
ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി കോച്ചായി വന്നത്. 2016 മുതല്‍ സിറ്റി ഡഗൗട്ടില്‍ ഗ്വാര്‍ഡിയോളയുണ്ട്. 18 കിരീടങ്ങള്‍ ടീമിനു സമ്മാനിച്ചു. ആറ് പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങള്‍ ഉള്‍പ്പെടെ ടീമിനു സമ്മാനിക്കാന്‍ പെപിനു സാധിച്ചു.
എന്നാല്‍ കഴിഞ്ഞ സീസണില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റിക്ക്. ഒരു ട്രോഫിയുമില്ലാതെ അവര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇത്തരമൊരു അവസ്ഥ ടീമിനു വന്നത്. പ്രീമിയര്‍ ലീഗില്‍ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ചതു മാത്രമാണ് ആശ്വാസമായത്.
2008 മുതല്‍ 2012 വരെയാണ് ഗ്വാര്‍ഡിയോള ബാഴ്‌സലോണ പരിശീലകനായത്. മൂന്ന് ലാ ലിഗ, രണ്ട് സ്പാനിഷ് കപ്പ്, മൂന്ന് സ്പാനിഷ് സൂപ്പര്‍ കപ്പ്, രണ്ട് ചാംപ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പ് നേട്ടങ്ങള്‍ ബാഴ്‌സയ്ക്ക് സമ്മാനിച്ചാണ് പെപ് പടിയിറങ്ങിയത്.
ബയേണ്‍ മ്യൂണിക്കിനെ 2013 മുതല്‍ 16 വരെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്. മൂന്ന് ബുണ്ടസ് ലീഗ, രണ്ട് ജര്‍മന്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ ബയേണിനും അദ്ദേഹം സമ്മാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
