

ക്വിറ്റോ: ഇത്തവണത്തെ ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം നോർവെയുടെ എർലിങ് ഹാളണ്ട്. താരത്തിന്റെ കളി മികവും ഹെയർ സ്റ്റൈലുമൊക്കെ ലോകമെങ്ങും അദ്ദേഹത്തിന് പുതിയ ആരാധകവൃന്ദത്തെ തന്നെ സമ്മാനിച്ചു. എന്നാൽ ഇപ്പോൾ ഹാളണ്ട് വാർത്തകളിൽ നിറയുന്നത് ഒരു ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ടാണ്.
ഹാളണ്ടിന്റെ ചിത്രം പതിച്ച വൻ കൊക്കെയ്ൻ ശേഖരം ഇക്വഡോറിൽ നിന്നു പിടിച്ചെടുത്തതാണ് ഇപ്പോൾ വാർത്തയായത്. ഇക്വഡോർ പൊലീസ് കഴിഞ്ഞ ദിവസം കൊളംബിയൻ അതിർത്തിയോട് ചേർന്ന തുൾക്കാൻ നഗരത്തിന് സമീപമുള്ള ഗ്വാഗ്വാ നെഗ്രോയിൽ വെച്ചാണ് ട്രക്കിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകൾ.
469 കിലോ ഗ്രാം കൊക്കെയ്‌നാണ് പൊലീസ് പിടിച്ചെടുത്തത്. പച്ച നിറത്തിലുള്ള 370 ചതുരശ്ര പാക്കറ്റുകളിലായിട്ടാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിലും ഹാളണ്ടിന്റെ ചിത്രമുള്ള സ്റ്റിക്കറുകൾ പതിപ്പിച്ചിരുന്നു. നോർവെ ജേഴ്സിയിലുള്ള ഹാളണ്ട്, ലോകകപ്പ് ട്രോഫി, ഒരു ഫുട്ബോൾ എന്നിവയാണ് സ്റ്റിക്കറിലുള്ളത്.
മയക്കുമരുന്ന് കടത്തുകാർ തങ്ങളുടെ ഉത്പന്നങ്ങൾ ഏത് ക്രിമിനൽ സംഘത്തിന്റേതാണെന്നും അത് ആർക്കുള്ളതാണെന്നും തിരിച്ചറിയാനായി പ്രമുഖ കായിക താരങ്ങളുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങൾ അടയാളമായി ഉപയോഗിക്കുന്നത് പതിവാണെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. അതാണ് ഹാളണ്ടിന്റെ ചിത്രം പാക്കറ്റിനു മുകളിൽ പതിയാൻ കാരണം. നേരത്തെ അർജന്റീന താരം ലയണൽ മെസിയുടെ ചിത്രം പതിച്ച പാക്കറ്റുകളും ഇത്തരത്തിൽ പിടികൂടിയിരുന്നു.
മരിയ ആർ എന്ന കൊളംബിയൻ തിരിച്ചറിയൽ രേഖയുള്ള യുവതിയെ ലഹരിക്കടത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ലഹരിമരുന്നിന് പ്രാദേശിക വിപണിയിൽ ഏകദേശം 8.42 ലക്ഷം ഡോളറും, അമേരിക്കയിൽ 1.1 കോടി ഡോളറിലധികവും (ഏതാണ്ട് 92 കോടി രൂപ), യൂറോപ്പിൽ 1.9 കോടി ഡോളറിലധികവും വില വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates