അച്ഛന്‍ ഹോട്ടല്‍ തൊഴിലാളി, കഷ്ടപ്പാടുകള്‍ക്ക് നടുവിലും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയില്ല; കേരളത്തിന് അഭിമാനമായി ജോഷിത

അണ്ടര്‍ 19 വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാം
Father is a hotel worker, despite hardships, he did not stop his daughter's cricket training; Joshita is a pride for Kerala
ജോഷിതഫെയ്സ്ബുക്ക്
Updated on
1 min read

കല്‍പ്പറ്റ: അണ്ടര്‍ 19 വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാം. മിന്നു മണിക്കും സജന സജീവനും ശേഷം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ജോഷിതയും കേരളത്തിന്റെ യശസ് ഉയര്‍ത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ് മൂന്ന് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. ഇതില്‍ മിന്നുമണിയും സജന സജീവനും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടിയവരാണ്. വൈകാതെ ജോഷിതയും സീനിയര്‍ ടീമില്‍ എത്താന്‍ ഇടയുണ്ട്.

ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആറു കളിയില്‍ ആറ് വിക്കറ്റാണ് ഈ വലംകൈയന്‍ പേസ് ബൗളറുടെ സമ്പാദ്യം. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോഷിത ഫൈനലില്‍ രണ്ട് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരോദയം. കേരളത്തിന്റെ എല്ലാ വിഭാഗം ടീമിലും അഗമായി.

കല്‍പ്പറ്റ ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ് പതിനെട്ടുകാരി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജോഷിത. കഴിഞ്ഞ തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ മലയാളിയായ സിഎംസി നജ്‌ല പകരക്കാരിയായി ടീമിലുണ്ടായിരുന്നു.

മകള്‍ ജോഷിതയുള്‍പ്പെട്ട ടീം ലോക കിരീടം ഉയര്‍ത്തുമ്പോള്‍ കല്‍പ്പറ്റയിലെ ഹോട്ടലില്‍ ജോലിയിലായിരുന്നു അച്ഛന്‍ ജോഷി. പണിത്തിരക്കിന്റെ ഇടവേളകളില്‍ മകളുടെ കിരീടനേട്ടം കണ്ടത് മൊബൈല്‍ ഫോണിലാണ്. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടില്‍ അമ്മ ശ്രീജയും സഹോദരി ജോഷ്‌നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.

കഷ്ടപ്പാടുകള്‍ക്ക് നടുവിലും ജോഷിതയുടെ സ്വപ്‌നത്തിന് നിറംപകര്‍ന്നത് മാതാപിതാക്കളാണ്. ഹോട്ടല്‍ തൊഴിലാളിയായ ജോഷിയും ഫാന്‍സി സ്റ്റോറില്‍ ജോലി ചെയ്യുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പരിശീലകന്‍ അമല്‍ ബാബുവാണ് ജോഷിതയിലെ താരത്തെ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com