

പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ താരം ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാനൊരുങ്ങി എഫ് സി ഗോവ. വിദേശ താരങ്ങൾ ക്ലബ് വിട്ടതോടെ സ്ട്രൈക്കർ റോൾ കൈകാര്യം ചെയ്യുന്ന ഒരു പ്ലെയറെ സ്വന്തമാക്കാൻ എഫ് സി ഗോവ ശ്രമം ആരംഭിച്ചിരുന്നു. ഇതിനൊടുവിലാണ് മലപ്പുറം എഫ് എസി താരമായ ഇഷാൻ പണ്ഡിതയുമായി ഗോവ കരാറിൽ ഏർപ്പെടാൻ ഒരുങ്ങുന്നത്. ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാനുള്ള നടപടികൾ എഫ്‌സി ഗോവ അന്തിമഘട്ടത്തിലേക്ക് കടന്നതായി ക്ലബ് അധികൃതരും വ്യക്തമാക്കി.
27 വയസ്സുകാരനായ ഇഷാൻ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ 2020ൽ എഫ്‌സി ഗോവയിലൂടെയാണ് ആരംഭിച്ചത്. സൂപ്പർ സബ് ആയാണ് താരം പലപ്പോഴും മൈതാനത്ത് എത്തിയിരുന്നത്. ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ കളത്തിലിറങ്ങിയപ്പോഴെല്ലാം മിനിറ്റുകൾക്കകം നിർണായക ഗോളുകൾ നേടാൻ ഇഷാന് കഴിഞ്ഞിരുന്നു.
എഫ് സി ഗോവയുടെ സ്പാനിഷ് പരിശീലകനായ ഹുവാൻ ഫെറാണ്ടോയുടെ കീഴിലാണ് ഇഷാൻ അരങ്ങേറ്റ സീസൺ കളിച്ചത്. വെറും 128 മിനിറ്റ് മാത്രം കളത്തിലിറങ്ങിയ താരം നിർണ്ണായകമായ നാല് ഗോളുകളാണ് ആ സീസണിൽ നേടിയത്.
ഇഗോർ സ്റ്റിമാക്ക് പരിശീലകനായിരിക്കെ ഇന്ത്യൻ ദേശീയ ടീമിലേക്കും പണ്ഡിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരം പിന്നീട് കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയെങ്കിലും പലപ്പോഴും പരിക്ക് വില്ലനായി മാറുകയും മത്സരങ്ങൾ കളിക്കാനാകാതെ സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടിയും വന്നിരുന്നു.
ഏറ്റവും ഒടുവിൽ കേരളാ സൂപ്പർ ലീഗിൽ മലപ്പുറം എഫ് സിക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിരുന്നു. ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഫ് സി ഗോവ താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നത് എന്നാണ് റിപ്പോർട്ടുകൾ.
“വിദേശ താരങ്ങളുടെ വിടവാങ്ങലോടെ ഗോവയ്ക്ക് മുന്നേറ്റത്തിൽ ഒഴിവുണ്ട്. ആ വിടവ് നികത്താൻ ഇഷാൻ ഏറ്റവും അനുയോജ്യനാണ്,” എന്ന് ക്ലബ്ബുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ പറഞ്ഞു. “കഴിഞ്ഞ കുറച്ചു സീസണുകളിൽ മതിയായ അവസരം താരത്തിന് ലഭിച്ചിരുന്നില്ല. എഫ് സി ഗോവയിൽ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ലഭിക്കും'' എന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates