

അനുകൂലമായ റഫറി തീരുമാനങ്ങൾ മുതൽ ഫിഫ ലോകകപ്പ് ഫിക്‌സ്ചറിൽ വരെ ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് കാര്യങ്ങളെല്ലാം അനുകൂലമായാണ് ഒത്തുവന്നിരിക്കുന്നത്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ പരാജയപ്പെടുത്തിയാൽ ലോകത്തെ ആദ്യ 10 റാങ്കിലുള്ള ഒരൊറ്റ ടീമിനെ പോലും നേരിടാതെ തന്നെ നിലവിലെ ചാംപ്യന്മാർക്ക് സെമി ഫൈനലിൽ പ്രവേശിക്കാം.
കളിക്കളത്തിനകത്തും പുറത്തുമുള്ള ഇത്തരം ഘടകങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ ഫിഫ അനാവശ്യമായി സഹായിക്കുന്നുണ്ടെന്ന് പലരും ആരോപിക്കുന്നു. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം 3-2 ന് അർജന്റീന ജയിച്ചു കയറിയപ്പോൾ, ലോകകപ്പ് അർജന്റീനയ്ക്ക് അനുകൂലമായി 'ഫിക്സ്' ചെയ്തതാണെന്ന് വരെ ഈജിപ്ഷ്യൻ ക്യാംപ് ആരോപിച്ചിരുന്നു. സമാന ഗൂഢാലോചനാ സിദ്ധാന്തം മറ്റു പലരും പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ലോകകപ്പ് നേടിയപ്പോഴും സമാന ആരോപണം അർജന്റീന കേട്ടിട്ടുണ്ട്.
ശനിയാഴ്ച സ്വിറ്റ്‌സർലൻഡിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന് ലാ ആൽബിസെലെസ്റ്റകൾ ഒരുങ്ങുന്നതിനിടെ വിഷയത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോനി ഇതുവരെ തുടർന്നു വന്ന മൗനം വെടിഞ്ഞു. പുറത്തു നിന്നുള്ള ഇത്തരം ചർച്ചകൾ കളിക്കാരിലേക്ക് പോലും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും ഈ ആരോപണങ്ങളെക്കുറിച്ച് താൻ അധികം ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സ്കലോനി അർജന്റീന തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് കിരീടം ചൂടുന്നത് കാണാൻ ആഗ്രഹിക്കാത്തവർ നടത്തുന്ന ഒരു 'ആസൂത്രിത ഗൂഢാലോചന' മാത്രമാണിതെന്ന് വിശേഷിപ്പിച്ചു.
'കാര്യം എന്തെന്നാൽ, കഴിഞ്ഞ തവണ ഞങ്ങൾ കപ്പടിച്ചതുകൊണ്ട് ഇത്തവണ ഞങ്ങൾ ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ പുറത്തുണ്ടാകാം. അത് ഞങ്ങൾ കണക്കിലെടുക്കുന്നുണ്ട്. ഈ ചർച്ചകൾ കളിക്കാരെയും ബാധിക്കുന്നുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെയും കമന്റുകളെയും ഞങ്ങൾ ഒരു പ്രതിരോധമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ കളിക്കാരെ അതിലും മികച്ച രീതിയിൽ കളിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.'
'നിങ്ങൾ ഇപ്പോൾ പറഞ്ഞതുപോലെ 1986ന് ശേഷം നീണ്ട 40 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അല്ലേ? അന്നത്തെ ലോകകപ്പിലും ഞങ്ങളെ ആരോ സഹായിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അതുകൊണ്ട് ഇതൊരു പുതിയ കാര്യമല്ല. എന്റെ ഓർമ്മയിൽ ലോകകപ്പുകളിൽ എല്ലായ്പ്പോഴും തരംഗം സൃഷ്ടിക്കുന്ന ടീമുകളിലൊന്നാണ് അർജന്റീന. അർജന്റീന ജയിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ പുറത്തുണ്ടെന്ന് കളിക്കാരെ ബോധ്യപ്പെടുത്താൻ ഈ സാഹചര്യത്തെ ഞങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അത് തികച്ചും സ്വാഭാവികമാണ്. മറ്റൊരു രാജ്യം ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാകുന്നതു പോലെ തന്നെ.'
ഈജിപ്തിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അവർ നേടിയ ഒരു ഗോൾ, ഗോൾ അടിക്കുന്നതിന് 10 സെക്കൻഡുകൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ വാർ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് വാർ സംവിധാനവും ഇപ്പോൾ കടുത്ത നിരീക്ഷണത്തിലാണ്. എന്നാൽ, ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ മാത്രമാണ് വാർ ടീം പിന്തുടരുന്നതെന്ന് സ്കലോനി പറഞ്ഞു.
'വാർ പോലുള്ള കാര്യങ്ങൾ വച്ച് ഒരു ടീമിനെ സഹായിക്കാം എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യം. വാറിൽ ഇരട്ട വ്യാഖ്യാനങ്ങൾക്ക് സ്ഥാനമില്ല. കൂടാതെ, ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് അവർ ഞങ്ങൾക്ക് നൽകിയ കോഴ്‌സിൽ ഇതെല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നിട്ടുമുണ്ട്. അവർ എല്ലാ ദൃശ്യങ്ങളും ഞങ്ങളെ കാണിച്ചു തന്നിരുന്നു. കളി ഇങ്ങനെയായിരിക്കും, നിയമങ്ങൾ ഇങ്ങനെയായിരിക്കും എന്നെല്ലാം കൃത്യമായി ധരിപ്പിച്ചിരുന്നു. ഇപ്പോൾ അത് അക്ഷരംപ്രതി പാലിക്കപ്പെടുന്നു എന്ന് മാത്രം'- സ്കലോനി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates