

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരിൽ ഓസ്ട്രേലിയ- പാരഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ യുഎസ്എയെ 3-2നു വീഴ്ത്തി തുർക്കി ജയത്തോടെ നാട്ടിലേക്ക് മടങ്ങി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ തുർക്കിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിച്ചില്ല. യുഎസ്എ ആദ്യ രണ്ട് കളിയും ജയിച്ച് നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. നിലവിൽ ഈ ഗ്രൂപ്പിൽ നിന്നു യുഎസ്എ ഗ്രൂപ്പ് ചാംപ്യൻമാരായും ഓസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായും അവസാന 32ൽ എത്തി.
തുർക്കി ഈ ലോകകപ്പിലെ ആദ്യ ജയമാണ് അവസാന പോരിൽ സ്വന്തമാക്കിയത്. പക്ഷേ അവർക്ക് ജയത്തോടെ ടൂർണമെന്റിനോടു വിട ചൊല്ലാമെന്നു മാത്രമാണ് ജയം കൊണ്ടു കിട്ടിയത്. പിന്നിൽ നിന്ന ശേഷമാണ് തുർക്കി വിജയം പിടിച്ചത്.
ജയിച്ച് മടങ്ങി തുർക്കി
5 ഗോൾ പിറന്ന ത്രില്ലറിൽ മൂന്നാം മിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റിയിലൂടെ യുഎസ്എ ആണ് ആദ്യം ലീഡെടുത്തത്. ഏഴു മിനിറ്റിനു ശേഷം തുർക്കി അർദ ഗുലറിലൂടെ സമനില പിടിച്ചു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽ നിന്നായി തുർക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് 31 മിനിറ്റിൽ ബാരിസ് അൽപർ യിൽമാസിലൂടെ തുർക്കി ഇത്തവണ ലീഡ് പിടിച്ചു.
രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൽറ്റർ യുഎസ്എയെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഇൻഞ്ച്വറി ടൈമിന്റെ എട്ടാം മിനിറ്റിലാണ് തുർക്കിയുടെ വിജയ ഗോളെത്തിയത്. കാൻ അയ്ഹാന്റെ ഗോളിലാണ് തുർക്കി അഭിമാന വിജയം പിടിച്ചത്.
ജയിക്കാതെ ഗോളടിക്കാതെ സോക്കറൂസ് 32ൽ
റൗണ്ട് 32 ഉറപ്പാക്കാൻ പരാഗ്വെയ്ക്ക് ജയം അനിവാര്യമായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ മാത്രമായിരുന്നു നിർബന്ധം. മത്സരത്തിൽ ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ പിറന്നില്ല. ഗ്രൂപ്പിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കിയാൽ മതി എന്നതിനാൽ അവർ മികച്ച രീതിയിലാണ് പൊരുതിയത്. എതിർ ഗോൾമുഖം വിറപ്പിക്കുന്നതിലും അവർ വിജയിച്ചു. ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഗോളാക്കി മാറ്റാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. മറുഭാഗത്ത് പരാഗ്വെ തുടക്കത്തിൽ പ്രതിരോധത്തിൽ ഊന്നി കളിച്ചെങ്കിലും മത്സരത്തിലേക്ക് പതുക്കെ തിരികെ വന്നു. ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഓസ്ട്രേലിയൻ പ്രതിരോധത്തിൽ തട്ടി നിന്നു.
നാല് പോയിന്റോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. എന്നാൽ മികച്ച ഗോൾ ശരാശരിയിൽ ഓസ്ട്രേലിയ നോക്കൗട്ടുറപ്പിക്കുകയായിരുന്നു. മികച്ച 8 ടീമുകളിൽ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷ പരാഗ്വെയ്ക്ക് ഇപ്പോഴുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates