

മയാമി: ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ മുമ്പില്‍ ലോക ചാംപ്യന്‍മാര്‍ അണിനിരക്കുന്നു. ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ നവാഗതരായ കാബോ വെര്‍ദെയെ നേരിടാ നിറങ്ങുമ്പോള്‍ അര്‍ജന്റീന കരുതലിലാണ്. കടലാസിലെ കണക്കുകളാകില്ല കളത്തില്ലെന്ന് ലയണല്‍ മെസിക്കും കൂട്ടര്‍ക്കും നന്നായി അറിയാം. റാങ്കിങ്ങില്‍ ഒന്നാമതാണ് ലാറ്റിനമേരിക്കന്‍ പോരാളികള്‍. കാബോ വെര്‍ദെ 67. എന്നാല്‍ അരങ്ങേറ്റ ലോകകപ്പില്‍ സ്‌പെയ്ന്‍, ഉറുഗ്വായ്, സൗദി അറേബ്യ ടീമു കളെ സമനിലയില്‍ തളച്ചെത്തുന്നവര്‍ നിസ്സാരക്കാരല്ല.
നാളെ പുലര്‍ച്ചെ മൂന്നരക്ക് മയാമിയിലാണ് പോരാട്ടം. കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ തുടക്കം ഗംഭീരമാണ്. ഗ്രൂപ്പില്‍ മൂന്ന് മത്സരവും ആധികാരി കമായി ജയിച്ചു. ക്യാപ്റ്റനും സൂപ്പര്‍താരവുമായ ലയണല്‍ മെസിയാണ് ജീവന്‍. ചാംപ്യന്‍മാര്‍ നേടിയ എട്ടില്‍ ആറ് ഗോളും മെസി വകയാണ്.
ഏഴ് വര്‍ഷമായി അര്‍ജന്റീന ഒരു നോക്കൗട്ട് മത്സരം തോറ്റിട്ട്. 2019 കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോടായിരുന്നു തോല്‍വി. പിന്നീട് രണ്ട് കോപ, ലോകകപ്പ് ജയിച്ചു. ഉജ്വല പ്രതിരോധമാണ് കാബോ വെര്‍ദെയുടെ കരുത്ത്. രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ സാന്നിധ്യവും നിര്‍ണായകമാണ്. ബുബിസ്റ്റയാണ് പരിശിലകന്‍.
അര്‍ജന്റീനയുമായുള്ള ചരിത്രമത്സരത്തിന് ഇറങ്ങും മുന്‍പെ വൊസീഞ്ഞ വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. 'നാളെ നമ്മുടെ കായികരംഗത്തിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് തുടര്‍ന്നെഴുതാനുള്ള അവസരവുമായാണ് നമ്മള്‍ കളിക്കളത്തിലിറങ്ങുന്നത്. എന്നാല്‍ കേവലം പതിനൊന്ന് കളിക്കാര്‍ മാത്രമല്ല, ഒരു രാജ്യം മുഴുവനാണ് നാളെ മൈതാനത്തേക്ക് ചുവടുവെക്കുന്നത്. നാളെ നമ്മള്‍ ഒന്നാണ്. ഒരു ജനത, ഒരു പതാക, കാബോ വെര്‍ദേയ്ക്കായി തുടിക്കുന്ന ഒരൊറ്റ ഹൃദയം. ആദ്യ നിമിഷം മുതല്‍ അവസാന നിമിഷം വരെ നമ്മുടെ കരുത്തും സംസ്‌കാരവും ധീരതയും പ്രകടമാകട്ടെ. നമ്മുടെ മണ്ണ്, നമ്മുടെ ജനങ്ങള്‍, നമ്മുടെ സ്വപ്‌നം.' വൊസിഞ്ഞ്യോ കുറിച്ചു.
അര്‍ജന്റീനയ്ക്കും ലയണല്‍ മെസിക്കുമെതിരെയുള്ള പോരാട്ടം ഞങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മത്സരമായിരിക്കുമെന്ന് കാബോ വെര്‍ദെ പരിശീലകന്‍ ബുബിസ്റ്റ പറഞ്ഞു. എങ്കിലും, വെള്ളിയാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ നിലവിലെ ലോകകപ്പ് ചാംപ്യന്മാരെ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു നല്ല മത്സരം കാഴ്ചവെക്കുക, അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ്യതാ മത്സരങ്ങളിലും, ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും ഈ തലത്തില്‍ മത്സരിക്കാന്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിനയത്തോടെയും മികച്ച അച്ചടക്കത്തോടെയും ധീരതയോടെയും അത് അതേപടി തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതൊരു നോക്കൗട്ട് മത്സരമാണ്, അതുകൊണ്ടുതന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഞങ്ങളുടെ മനസ്സിലുള്ളൂ.' ബുബിസ്റ്റ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates