

വാഷിങ്ടൺ: കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനെതിരായ ലോകകപ്പിലെ പോർച്ചുഗലിന്‍റെ രണ്ടാം പോരാട്ടത്തിൽ വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയിരുന്നു. മാത്രമല്ല ആറ് ലോകകപ്പുകളിൽ ഗോൾ നേടിയ ഒരേയൊരു താരമെന്ന റെക്കോർഡ് മത്സരത്തിൽ ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 41ാം വയസിലും തന്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയം പ്രകടനത്തിലൂടെ ഇതിഹാസ നായകൻ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.
പിന്നാലെ പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി പോർച്ചുഗൽ നായകനു ആദരവുമായി എത്തി. ക്രിസ്റ്റ്യാനോയുടെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെ അടയാളപ്പെടുത്തുന്ന സവിശേഷമായ പ്രത്യേക ബൂട്ടുകൾ ഇറക്കിയാണ് കമ്പനി താരത്തിന്റെ റെക്കോർഡ് ഗോൾ നേട്ടത്തിനു ആദരം അർപ്പിച്ചിരിക്കുന്നത്.
കരിയറിലെ ആറാം ലോകകപ്പാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്. ആറ് ലോകകപ്പുകളിലും താരം ഗോൾ നേടി. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. ആറ് ലോകകപ്പുകളിൽ ഗോൾ നേടിയ ഒരേയൊരു താരം. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിലാണ് ഗോൾ നേട്ടം. പിന്നാലെയാണ് ഈ നേട്ടത്തെ നൈക്കി ആദരിച്ചത്.
സിആർ7ന്റെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെ അടയാളപ്പെടുത്താൻ 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർജിഎൻ' എന്ന സ്പെഷ്യൽ എഡിഷൻ ബൂട്ടുകളാണ് നൈക്കി വിപണിയിലിറക്കിയത്. ഈ ഞായറാഴ്ച കൊളംബിയക്കെതിരെ നടക്കുന്ന പോർച്ചുഗലിന്‍റെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോ ഈ സ്വർണ ബൂട്ടുകളണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് വിവരം.
ആകർഷകമായ മെറ്റാലിക് ഗോൾഡ് നിറത്തിലാണ് ഈ ബൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ വെള്ള നിറത്തിലുള്ള ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ബോൾ കൺട്രോളിനായി സോഫ്റ്റ് അപ്പർ ഫിനിഷിങ്, ഫ്ലൈവയർ സപ്പോർട്ട്, 3/4 ലെങ്ത് എയർ സൂം യൂണിറ്റ് എന്നിവ ഈ ബൂട്ടിന്‍റെ പ്രത്യേകതകളാണ്. ലോകമെമ്പാടും ബുധനാഴ്ച റിലീസ് ചെയ്ത ഈ സ്പെഷ്യൽ എഡിഷൻ ബൂട്ടിന്‍റെ വില 300 ഡോളറാണ് (ഏതാണ്ട് 28,343 ഇന്ത്യൻ രൂപ). നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ടൂർണമെന്‍റിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയ റോബർട്ടോ മാർട്ടിനെസിന്‍റെ സംഘം വൻ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ നടത്തിയത്. ഇരട്ട ഗോളുകളോടെ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ നുനോ മെൻഡസ്, റാഫേൽ ലിയാവോ എന്നിവരും പോർച്ചുഗലിനായി വലകുലുക്കി. ഉസ്ബെക്കിസ്ഥാൻ ഗോൾ കീപ്പർ അബ്ദുവോഹിദ് നെമാറ്റോവിന്‍റെ സെൽഫ് ഗോളും അവരുടെ ടീമിന്റെ പരാജയ ഭാരം കൂട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates