

ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. അവശേഷിക്കുന്ന എട്ടു ടീമുകളില്‍ ആരാകും കിരീട ജേതാക്കളെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ നോര്‍വേ കപ്പടിക്കുമെന്ന സിദ്ധാന്തമാണ് ഇപ്പോള്‍ വൈറലാകുന്നത്. ശക്തരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതോടെയാണ് ഈ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. കണക്കുകളുടെയും മുന്‍കാല റിസള്‍ട്ടുകളുടെയും പിന്‍ബലത്തോടെയാണ് അത്തരമൊരു സിദ്ധാന്തം തയ്യാറായിരിക്കുന്നത്.
കഴിഞ്ഞ 24 വര്‍ഷമായി ലോകകപ്പ് ചരിത്രത്തില്‍ ആവര്‍ത്തിച്ചുപോരുന്ന ഒരു മാന്ത്രിക ഫോര്‍മുലയുണ്ട്. ലോകകപ്പില്‍ ജപ്പാനെ തോല്‍പ്പിക്കുന്ന ടീമിനെ ഏത് ടീമാണോ തോല്‍പ്പിക്കുന്നത്, അവരായിരിക്കും അത്തവണത്തെ ലോകകപ്പ് ജേതാക്കള്‍. കേള്‍ക്കുമ്പോള്‍ വെറും യാദൃശ്ചികതയായി തോന്നാമെങ്കിലും ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അത്ഭുതം തോന്നും.
2002 ലോകകപ്പ്: പ്രീ-ക്വാര്‍ട്ടറില്‍ ആതിഥേയരായ ജപ്പാനെ തുര്‍ക്കി തോല്‍പ്പിച്ചു. തുടര്‍ന്ന് സെമിയില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച ബ്രസീല്‍ ചാംപ്യന്മാരായി.
2010 ലോകകപ്പ്: പ്രീ-ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ പരാഗ്വേ വീഴ്ത്തി. ക്വാര്‍ട്ടറില്‍ പരാഗ്വേയെ തോല്‍പ്പിച്ച സ്‌പെയിന്‍ അന്ന് തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടി.
2018 ലോകകപ്പ്: പ്രീ-ക്വാര്‍ട്ടറില്‍ ജപ്പാനെ ബെല്‍ജിയം തോല്‍പ്പിച്ചു. സെമിയില്‍ ബെല്‍ജിയത്തെ തകര്‍ത്ത ഫ്രാന്‍സ് അന്ന് കിരീടം ചൂടി.
2022 ലോകകപ്പ്: പ്രീ-ക്വാര്‍ട്ടറില്‍ ജപ്പാനെ ക്രോയേഷ്യ വീഴ്ത്തി. സെമിയില്‍ ക്രോയേഷ്യയെ തകര്‍ത്ത അര്‍ജന്റീന ഒടുവില്‍ കപ്പുയര്‍ത്തി.
ഇത്തവണ, അതായത് 2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ ജപ്പാനെ ബ്രസീല്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത റൗണ്ടില്‍ (റൗണ്ട് ഓഫ് 16) ബ്രസീലിനെ 2-1 ന് തകര്‍ത്ത് നോര്‍വേ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍, ഇത്തവണ കിരീടം നോര്‍വേയ്ക്കുള്ളതാണ്!
എന്നാല്‍ ഈ സിദ്ധാന്തത്തിന്റെ ബലത്തിലല്ല നോര്‍വേ കിരീടം സ്വപ്നം കാണുന്നത്. അവര്‍ക്ക് നിലവില്‍ മികച്ച ചില അനുകൂല ഘടകങ്ങളുണ്ട്. എര്‍ലിങ് ഹാളണ്ട് എന്ന ഗോള്‍ മെഷീനാണ് അതില്‍ പ്രധാനപ്പെട്ടത്. ലോകത്തെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറെന്ന് വിശേഷിപ്പിക്കുന്ന ഹാളണ്ട് മികച്ച ഫോമിലാണ്. ബ്രസീലിനെതിരായ വിജയത്തിലും താരം നിര്‍ണായക പങ്കുവഹിച്ചു. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നോര്‍വേ ലോകകപ്പിന് യോഗ്യത നേടിയത്. ആ ആവേശത്തില്‍ ചരിത്രത്തിലാദ്യമായി അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. തോല്‍ക്കാന്‍ ഭയമില്ലാത്ത കളിശൈലിയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്.
ക്വാര്‍ട്ടറില്‍ നോര്‍വേ നേരിടാന്‍ പോകുന്നത് ശക്തരായ ഇംഗ്ലണ്ടിനെയാണ്. ഈ മത്സരം നോര്‍വേയ്ക്ക് അത്ര എളുപ്പമാകില്ല. ഇംഗ്ലണ്ടിനെ മറികടന്നാല്‍ മാത്രമേ ഈ സ്വപ്നതുല്യമായ കിരീടനേട്ടം യാഥാര്‍ഥ്യമാക്കുന്നതിലേക്ക് അവര്‍ക്ക് ഒരു പടികൂടി അടുക്കാന്‍ സാധിക്കൂ. ഏതായാലും ഫുട്‌ബോള്‍ പ്രേമികള്‍ ഇപ്പോള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്, ഹാലന്‍ഡും കൂട്ടരും ഈ ജാപ്പനീസ് ശാപക്കഥ സത്യമാക്കുമോ, അതോ ചരിത്രം ഇവിടെ തിരുത്തിയെഴുതപ്പെടുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates