

ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ മുൻ ചാംപ്യൻമാരായ സ്പെയിൻ ഇന്നിറങ്ങും. എതിരാളികൾ ഹൈ പ്രസിങ് ഫുട്ബോൾ കളിക്കുന്ന ഓസ്ട്രിയ. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 മുതലാണ് പോരാട്ടം. ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഇന്ന് ജയിക്കുന്ന ടീം പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ- ക്രൊയേഷ്യ പോരാട്ടത്തിലെ വിജയികളുമായി ഏറ്റുമുട്ടും.
അവസാനം കളിച്ച 34 മത്സരങ്ങളിലും തോൽവിയറിയാതെയാണ് സ്പെയിൻ കുതിക്കുന്നത്. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന അപൂർവ റെക്കോർഡും കോച്ച് ലൂയിസ് ഡെലഫുണ്ടെയുടെ സംഘത്തിനുണ്ട്. ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിനും 22ാമതുള്ള ഓസ്ട്രിയയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും അട്ടിമറി സാധ്യത തള്ളിക്കളയാൻ കടുത്ത സ്പെയിൻ ആരാധകർ പോലും തയ്യാറാകില്ല.
ആരാധകരെ ആശങ്കപ്പെടുത്തുന്നത് സ്പെയിനിന്‍റെ പരമ്പരാഗതമായ പന്ത് കൈവശം വെച്ചുള്ള ടാക്റ്റ്ക്സ് തന്നെ. എതിരാളികൾ ബോക്സിന് മുന്നിൽ ശക്തമായ പ്രതിരോധക്കോട്ട തീർക്കുമ്പോൾ അത് ഭേദിക്കാൻ പലപ്പോഴും സ്പെയിൻ ബുദ്ധിമുട്ടാറുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉറുഗ്വെയ്ക്കെതിരെ 1-0 ന്റെ കഷ്ടിച്ചുള്ള വിജയമാണ് സ്പെയിൻ നേടിയത്. ഹൈ പ്രസിങ് തന്ത്രത്തിന്റെ ആശാനായ റാൽഫ് റാഗ്നിക്ക് ഇക്കാര്യം മുൻനിർത്തി ഓസ്ട്രിയയെ പ്രതിരോധ തന്ത്രവുമായി ഇറക്കിയാൽ സ്പെയിനിനു മറുപടിയുണ്ടാകുമോ എന്നു കണ്ടറിയേണ്ടി വരും.
പതിവ് ശൈലിയായ 4- 3- 3 ഫോർമേഷനിൽ തന്നെയാകും ഡെലഫുണ്ടെ സ്പെയിനിനെ അണിനിരത്തുക. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ യുവ വിങർ നിക്കോ വില്യംസ് ഇന്ന് കളിക്കില്ലെന്നത് സ്പെയിനിന് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ ടീമിന്‍റെ പ്രധാന ആക്രമണ ചുമതല 18കാരൻ സൂപ്പർ താരം ലമീൻ യമാലിലേക്ക് ചുരുങ്ങും. യമാൽ തുടക്കത്തിൽ തന്നെ താളം കണ്ടെത്തി സ്കോർ ചെയ്താൽ കളി പൂർണമായും സ്പെയിനിന്‍റെ നിയന്ത്രണത്തിലാകും. ടൂർണമെന്‍റിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ മിഷേൽ ഒയാർസബാലിലും ടീം വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ഒയാർസബാൽ ആദ്യ ഇലവനിലിറങ്ങിയ അവസാന 15 മത്സരങ്ങളിൽ 22 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. മധ്യനിരയിൽ റോഡ്രി, പെഡ്രി എന്നിവരുടെ സാന്നിധ്യവും സ്പെയിന് കരുത്താകും. ഒപ്പം ഫാബിയൻ റൂയിസുമുണ്ട്.
റാൽഫ് റാഗ്നിക്കിന്‍റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഓസ്ട്രിയ നീസരക്കാരല്ല. നീണ്ട 44 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്ട്രിയ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയയ്ക്കെതിരെ 96ാം മിനിറ്റിൽ സാസ കലാജ്‌സിച് നേടിയ അത്യന്തം നടകീയത നിറഞ്ഞ ഗോളിലാണ് അവർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചത്.
കടുത്ത പ്രസിങിലൂടെ സ്പെയിനിനെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 4- 2- 3- 1 ശൈലിയിലാകും ഓസ്ട്രിയ കളിക്കുക. ഡേവിഡ് അലാബ നയിക്കുന്ന പ്രതിരോധ നിരയിൽ തന്നെയാണ് അവരുടെ വിശ്വാസം. കൊണാർഡ് ലെയ്മർ, സാബിസ്റ്റർ അടക്കമുള്ള വമ്പൻമാരും ടീമിലുണ്ട്. ഇരു ടീമുകളും നേർക്കുനേർ വന്ന അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം സ്പെയിൻ ജയിച്ചു. ഒരു മത്സരം സമനില. ചരിത്രവും ഫോമും സ്പെയിന് അനുകൂലമാണ്. എന്നാൽ സാഹചര്യ ഒത്തുവന്നാൽ അട്ടിമറിക്കുള്ള കെൽപ്പ് ഓസ്ട്രിയക്കുണ്ട്.