

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പോരാട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ യൂറോ ചാംപ്യൻമാരായ സ്പെയിനിനെ ഗോളടിക്കാൻ സമ്മതിക്കാതെ കെട്ടിപ്പൂട്ടി ലോകകപ്പിലെ തുടക്കക്കാരായ കാബോ വെർദെ (കേപ് വെർദെ). സ്പെയിൻ താരങ്ങളെല്ലാം 90 മിനിറ്റ് ആഞ്ഞ് മിനക്കെട്ടിട്ടും കാബോ വെർദെ കോട്ടയിൽ ഒരു വിള്ളൽ പോലും ഏൽപ്പിക്കാൻ അവർക്ക് സാധിച്ചില്ല. പരിക്കിന്റെ വേവലാതികൾ നിലനിൽക്കുന്നതിനാൽ സ്റ്റാർട്ടിങിൽ ലമീൻ യമാലിനേയും നിക്കോ വില്ല്യംസിനേയും കോച്ച് ലൂയീസ് ഡെലഫ്യുണ്ടെ ഇറക്കിയിരുന്നില്ല. ആദ്യ പകുതിക്കു ശേഷം ഇരുവരേയും കളത്തിലിറക്കി ഗോൾ നേടാനുള്ള ശ്രമം നടത്തിയിട്ടും കാബോ വെർദെ പ്രതിരോധവും ഗോൾ കീപ്പർ 40കാരനായ വൊസീഞ്ഞയും കുലുങ്ങിയില്ല. ആദ്യമായി ലോകകപ്പിനെത്തി കരുത്തരായ സ്പെയിനിനെ പൂട്ടി ഒരു പോയിന്റ് പിടിച്ചെടുത്ത് കാബോ വെർദെ ചരിത്രമെഴുതി.
ജർമനി 7-1നു ക്യുറസാവിനെ വീഴ്ത്തിയത് കണ്ട സ്പാനിഷ് ആരാധകർ കുറഞ്ഞത് 5-0ത്തിനെങ്കിലും കാബോ വെർദെയെ സ്പെയിൻ തകർക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അത്ര എളുപ്പത്തിൽ അതു സാധിക്കില്ലെന്നു സ്പെയിൻ ആദ്യ കളിയിൽ തന്നെ ശരിക്കുമറിഞ്ഞു. സ്പെയിനിനെ പോലെ ലോക റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള ഒരു ടീമിനെ ഈ നിലയ്ക്ക് പൂട്ടാൻ കാബോ വെർദെയ്ക്ക് സാധിച്ചതു തന്നെ ഈ ലോകകപ്പ് പ്രവചനങ്ങളെ കാറ്റിൽ പറത്തുമെന്നും ഉറപ്പാക്കുന്നതായി. ലോക ചാംപ്യൻമാരാകാൻ ഈ തവണ ആരാധകർ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് സ്പെയിൻ എന്നതും ഓർക്കേണ്ടതുണ്ട്. സ്പെയിനിനെ ഗോളടിക്കാൻ അനുവദിക്കാതെ 0-0ത്തിനു പൂട്ടിയത് കാബോ വെർദെ താരങ്ങൾ മൈതാനത്ത് മതിമറന്ന് ആഘോഷിക്കുകയും ചെയ്തു.
23 തവണയാണ് സ്പെയിൻ ഗോളിനായി ആക്രമിച്ചത്. ലക്ഷ്യത്തിലേക്ക് പായിച്ചത് 8 ഷോട്ടുകളും. 62 ശതമാനം ബോൾ പൊസഷനും സ്പെയിനിനു തന്നെ. നൽകിയതാകട്ടെ 764 പാസുകൾ. പക്ഷേ ഗോൾ മാത്രം അടിക്കാൻ അവരെ കാബോ വെർദെ സമ്മതിച്ചില്ല. ബോക്സിനകത്തു പലവട്ടം എത്തിയിട്ടും സ്പെയിനിനു ഗോൾ അടിക്കാൻ പാകത്തിലുള്ള സ്പേസ് നൽകാതെയുള്ള ഡിഫൻസായിരുന്നു കാബോ വെർദെ പുറത്തെടുത്തത്. കാബോ ഗോൾ കീപ്പർ വൊസീഞ്ഞയുടെ മിന്നൽ സേവുകളും ലാ റോജകൾക്ക് വിലങ്ങായി. ആദ്യ പകുതിയിലെ ഹൈലൈറ്റ് വൊസീഞ്ഞയുടെ എണ്ണം പറഞ്ഞ സേവുകളായിരുന്നു. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് 40കാരനായ താരം തടുത്തിട്ടത്.
ആക്രമണത്തിൽ ഫെറാൻ ടോറസും മികേൽ ഒയർസബാലുമായിരുന്നു സ്പെയിനിനായി അണിനിരന്നത്. മധ്യനിരയിൽ ക്യാപ്റ്റൻ റോഡ്രി, പെഡ്രി, ഗാവി, ഫാബിയൻ റൂയീസ് സഖ്യം. സ്പാനിഷ് ടെറിടറിയിലേക്ക് അപൂർവമായി മാത്രമേ കാബോ വെർദെ താരങ്ങൾ കടന്നു പോയിട്ടുള്ളു. കിട്ടിയ അവസരം മുതലെടുക്കാൻ അവർ പരമാവധി ശ്രമിക്കുകയും ചെയ്തു. കുറിയ പാസുകൾ നൽകി സ്പെയിൻ കളി ബിൽഡ് ചെയ്തു മുന്നോട്ടു കുതിച്ചെങ്കിലും 11 താരങ്ങളും ബോക്സിനു മുന്നിൽ നിന്നു കാബോ വെർദെയ്ക്കായി പ്രതിരോധം തീർക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത്.
മത്സരം ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ 36 ശതമാനം ബോൾ പൊസഷൺ കാബോ വെർദെയ്ക്കുണ്ടായിരുന്നു. 39ാം മിനിറ്റിൽ സ്പെയിൻ ഗോളിനടുത്തെത്തിയിരുന്നു. പോസ്റ്റിനു വലതു ഭാഗത്തു നിന്നു കുർകുറേയ ഉയർത്തി നൽകിയ പന്ത് ഫെറാൻ ടോറസ് വലയിലെത്തിക്കാൻ നോക്കിയെങ്കിലും അതു ബാറിൽ തട്ടി മടങ്ങി. റീബൗണ്ടിൽ പന്ത് കിട്ടിയ ഒയർസബാർ ഹെഡ്ഡ് ചെയ്ത് ഗോളാക്കാൻ നോക്കിയപ്പോൾ ഗോൾ കീപ്പർ വൊസീഞ്ഞയുടെ സിംഗിൾ ടച്ച് സേവ് സ്പാനിഷ് ടീമിനു വിലങ്ങായി. ആദ്യ പകുതിയിൽ സ്പെയിൻ അഞ്ച് തവണയാണ് ലക്ഷ്യത്തിനടുത്ത് എത്തിയത്. പക്ഷേ ഗോൾ മാത്രം വന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒയർസബാലും ഫാബിയൻ റൂയീസും ഗോളടിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. 60ാം മിനിറ്റിൽ ഫാബിയൻ റൂയീസിനെ ലക്ഷ്യമിട്ട് പെഡ്രി നൽകിയ പാസിൽ മികച്ച ഹെഡ്ഡർ കണ്ടു. എന്നാൽ ആ ഷോട്ടിനും വൊസീഞ്ഞയെ കുലുക്കാനായില്ല. മത്സരം അവസാന ഘട്ടത്തിലേക്ക് അടുക്കും തോറും സ്പാനിഷ് താരങ്ങൾ അസ്വസ്ഥരായിരുന്നു. അയ്മറിക് ലപോർട്ടയടക്കമുള്ളവർ അതിനിടെ ലോങ് ഷോട്ടുകൾ അടിച്ച് ഭാഗ്യം പരീക്ഷിച്ചെങ്കിലും അപ്പോഴും ഗോൾ അകന്നു നിന്നു.
70 മിനിറ്റ് കഴിഞ്ഞപ്പോഴും ഗോൾ വരാതിരുന്നതോടെ സ്പാനിഷ് കോച്ച്, ലമീൻ യമാൽ, നിക്കോ വില്ല്യംസ്, മികേൽ മൊറിനോ അടക്കമുള്ളവരെ കോച്ച് മൈതാനത്തിറക്കി. ഫാബിയൻ റൂയീസും റോഡ്രിയും ഗാവിയുമൊക്കെ മൈതാനം വിട്ട് ബെഞ്ചിലേക്ക് അതിനിടെ മടങ്ങുകയും ചെയ്തിരുന്നു. 80 മിനിറ്റ് കഴിഞ്ഞപ്പോൾ ഫെറാൻ ടോറസിനെ മാറ്റി ഡാനി ഓൽമോയേയും ഡെലഫ്യുണ്ടെ രംഗത്തിറക്കി. എന്നാൽ സ്പെയിൻ പ്രതീക്ഷിച്ച ഫലങ്ങളൊന്നും ഈ മാറ്റങ്ങൾ കൊണ്ടുവന്നില്ല.
ലമീൻ യമാലിന്റെ വരവ് കളിയിൽ സ്പെയിനിനു അനൂകുലമെന്നു തോന്നിക്കുന്ന ചില ഇംപാക്ടുകൾ ഉണ്ടാക്കി. വന്നപാടെ താരം മികേൽ മൊറിനോയ്ക്ക് മികച്ച പാസ് നൽകിയെങ്കിലും മൊറിനോയുടെ ഷോട്ട് ലക്ഷ്യം തെറ്റി. 83ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ വലത് മൂലയിൽ നിന്നു യമാൽ മറ്റൊരു പാസും ബോക്സിലേക്ക് നൽകി. കുർകുറേയയായിരുന്നു അപ്പോൾ ബോക്സിൽ. താരത്തിന്റെ ഹെഡ്ഡർ വൊസീഞ്ഞ വലയിലേക്ക് കയറാൻ അനുവദിക്കാതെ തടുത്തിട്ടു.
കളിയുടെ അവസാന ഘട്ടത്തിൽ കാബോ വെർദെയുടെ മുന്നേറ്റം കണ്ടു. 90ാം മിനിറ്റിൽ അവർക്ക് അനുകൂലമായി ഒരു കോർണറും കിട്ടി. കോർണറിൽ നിന്നു വന്ന പന്ത് കാബോ വെർദെയുടെ ബോർജസ് ഹെഡ്ഡ് ചെയ്ത് കൃത്യം വല കണക്കാക്കി തന്നെ തൊടുത്തു. ആ ഷോട്ട് സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൺ തടുത്തില്ലായിരുന്നെങ്കിൽ ഈ ലോകകപ്പിലെ വമ്പൻ അട്ടിമറി തന്നെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates