

കാലിഫോർണിയ: സ്പെയിനിനെ ഗോളടിക്കാൻ സമ്മതിക്കാതെ കാബോ വെർദെ സമനിലയിൽ കുരുക്കിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാബോ വെർദെ 'വെറുതെ അല്ല' എന്ന വാക്യങ്ങൾ നിറഞ്ഞിരുന്നു. സ്പെയിനിനു പിന്നാലെ അക്കാര്യം ഉറുഗ്വെയ്ക്കു മനസിലായി. ഉറുഗ്വെയേയും അവർ സമനിലയിൽ പിടിച്ചു. ഇത്തവണ 2 എണ്ണം വാങ്ങിയെങ്കിൽ 2 എണ്ണം അവർ മടക്കി നൽകി. സ്പെയിനിനെതിരേ ആദ്യ ലോകകപ്പ് പോയന്റാണെങ്കിൽ ഇക്കുറി ആദ്യ ലോകകപ്പ് ഗോൾ. പക്ഷേ ഒന്നിൽ നിർത്തിയില്ല എന്നു മാത്രം. ഇരു ടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി ഉറുഗ്വെയെ വിറപ്പിച്ചാണ് കാബോ വെർദെ തുടങ്ങിയത്. കൗണ്ടർ അറ്റാക്കുകളിൽ ഉറുഗ്വെ പ്രതിരോധം പതറുന്ന കാഴ്ച. 21ാം മിനിറ്റിൽ ഉറുഗ്വെയെ ഞെട്ടിച്ച് കാബോ വെർദെയാണ് ലീഡെടുത്തത്. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്ര ഗോൾ സമ്മാനിച്ചു. കാബോ വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ.
ഗോൾ ആദ്യം വഴങ്ങിയെങ്കിലും ഉറുഗ്വെ തിരിച്ചുവന്ന് ലീഡെടുത്തു. മാക്‌സി അരാഹോ 44ാാം മിനിറ്റിൽ സമനില ഗോൾ നേടി. ഇടതു വിങ്ങിൽ നിന്നുവന്ന ക്രോസ് ഹെഡറിലൂടെ പോസ്റ്റിൽ തട്ടിത്തെറിച്ചു. അത് അരാഹോ അനായാസം വലയിലാക്കി. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ ഉറുഗ്വെ തന്നെ ആദ്യ പകുതിയിൽ മുന്നിൽ നിന്നു.
രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കാബെ വെർദെ സംഘത്തെയാണ് മൈതാനത്ത് കണ്ടത്. കാബോ വെർദെയുടെ മുന്നേറ്റനിര പലകുറി ഉറുഗ്വെ ഗോൾമുഖം വിറപ്പിച്ചു. ഉറുഗ്വെ പ്രതിരോധം ശരിക്കും വിയർത്തു. കാബോ വെർദെ പകരക്കാരെ കളത്തിലിറക്കി ഉണർന്നു കളിച്ചു. പിന്നാലെ അവർ സമനില ഗോളും അടിച്ചു.
ഉറുഗ്വെ പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഉറുഗ്വെ പ്രതിരോധ താരത്തിന്റെ പാസ് ലക്ഷ്യം തെറ്റി. ഓടി വന്ന ഗോൾ കീപ്പർക്ക് പന്ത് കിട്ടും മുൻപ് തന്നെ കാബോ വെർദെയുടെ ഹെലിയോ വരേല പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. ആളില്ലാ വലയിലേക്ക് പന്ത് പതിച്ചതോടെ കാബോ വെർദെ മറ്റൊരു വമ്പൻമാരെ ജയിക്കാൻ സമ്മതിക്കാതെ രണ്ടാം തവണയും കളം വിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates