

ന്യൂയോർക്ക്: ചരിത്രത്തിൽ ആദ്യമായി 48 ടീമുകളുടെ ലോകകപ്പ് പോരാട്ടങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ അടുക്കുന്നു. ഇനി 32 ടീമുകൾ തമ്മിലുള്ള പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. 16 ടീമുകൾ പ്രാഥമിക ഘട്ടത്തിൽ തന്നെ മടങ്ങും. 12 ഗ്രൂപ്പുകളിലെ ചാംപ്യൻമാരും റണ്ണേഴ്‌സ് അപ്പുകളാവുന്ന ടീമുകളും നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എയിൽ നിന്നു മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ബിയിൽ നിന്നു സ്വിറ്റ്സർലൻഡ്, കാനഡ സിയിൽ നിന്നു ബ്രസീൽ, മൊറോക്കോ, ഡിയിൽ നിന്നു യുഎസ്എ, ഓസ്‌ട്രേലിയ ഇയിൽ നിന്നു ജർമനി, ഐവറി കോസ്റ്റ് എഫിൽ നിന്നു നെതർലൻഡ്സ്, ജപ്പാൻ, ഗ്രൂപ്പ് ഐയിൽ നിന്നു ഫ്രാൻസ്, നോർവേ, ഗ്രൂപ്പ് ജെയിൽ നിന്നു അർജന്റീന, കെയിൽ നിന്നു കൊളംബിയ ടീമുകൾ ഔദ്യോഗികമായി നിലവിൽ നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്.
കരുത്തരായ ബെൽജിയത്തിന് ഇപ്പോഴും നോക്കൗട്ട് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല എന്നിടത്താണ് കാര്യങ്ങൾ നിൽക്കുന്നത്. ഉറുഗ്വെ, ക്രൊയേഷ്യ അടക്കമുള്ള വമ്പൻമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അടുത്ത മത്സരം ഇവർക്കെല്ലാം അതി നിർണായകമാണ്.
ബെൽജിയം ഉൾപ്പെട്ട ഗ്രൂപ്പ് ജിയാണ് നിലവിൽ കൂടുതൽ സങ്കീർണമായി നിൽക്കുന്നത്. ഈജിപ്ത്, ഇറാൻ, ബെൽജിയം ടീമുകളുടെ വരാനിരിക്കുന്ന മത്സരഫലങ്ങൾ ഏറ്റവും നിർണായകമാണ് ഈ ഗ്രൂപ്പിൽ നിന്ന് ആര് എന്നറിയാൻ. നിലവിൽ ഈജിപ്തിന് 4 പോയിന്റുകളും ഇറാനും ബെൽജിയത്തിനും രണ്ട് പോയിന്റുകൾ വീതവുമാണുള്ളത്. ബെൽജിയം നാളെ ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ഈ പോരാട്ടത്തിൽ ജയിച്ചില്ലെങ്കിൽ ബെൽജിയത്തിന് കാര്യങ്ങൾ എളുപ്പമാകില്ല. രണ്ട് കളികളും സമനിലയിൽ കലാശിച്ചതാണ് ബെൽജിയത്തിനു തിരിച്ചടിയായത്. നാളെ ന്യൂസിലൻഡുമായുള്ള പോരാട്ടം വലിയ ഗോൾ വ്യത്യാസത്തിൽ ജയിച്ചയാൾ മാത്രമേ ബെൽജിയത്തിന് ആദ്യ എട്ടിൽ ഇടം പിടിക്കാൻ സാധിക്കുകയുള്ളൂ.
ഗ്രൂപ്പ് എച്ചിൽ 4 പോയിന്റുകളുമായി സ്‌പെയിൻ ആണ് മുന്നിൽ. ഉറുഗ്വെ, കാബോ വെർദെ ടീമുകൾ 2 പോയിന്റുകളുമായി പിന്നാലെയുണ്ട്. ഇതിൽ ഉറുഗ്വെയ്ക്ക് അവസാന മത്സരത്തിൽ ജയിക്കുക തന്നെ വേണം. എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും 4 പോയിന്റുകൾ വീതമുണ്ട്. മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാൻ ശ്രമിക്കുന്ന ക്രൊയേഷ്യക്ക് 3 പോയിന്റുകളാണുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്.
മൂന്നാം സ്ഥാനത്തേക്ക് ആരൊക്കെ?
മൂന്നാം സ്ഥാനക്കാരുടെ 12 ടീമുകളുടെ പട്ടികയിൽ നിന്നു 8 ടീമുകൾക്കാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ അവസരം കിട്ടുക. നിലവിലെ കണക്കുകളനുസരിച്ച് സ്വീഡൻ ആണ് 12 ടീമുകളുടെ പട്ടികയിൽ മുന്നിലുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് 4 പോയിന്റുകൾ ഉള്ള സ്വീഡൻ മുന്നിലുള്ളത്. തൊട്ടുപിന്നാലെ ഇക്വഡോർ, ബോസ്നിയ ഹെർസഗോവിന, പരാഗ്വെ ടീമുകൾക്കും 4 പോയിന്റുകൾ വീതമുണ്ട്. സ്വീഡനും ഇക്വഡോറും പരാഗ്വെയും ആദ്യ മൂന്ന് സ്ഥാനക്കാരായി നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഇനിയുള്ള മത്സരം. 3 പോയിന്റുകളുമായി ക്രൊയേഷ്യ, ദക്ഷിണ കൊറിയ, അൾജീരിയ, സ്കോട്ലൻഡ് ടീമുകളാണ് എട്ട് വരെയുള്ള സ്ഥാനങ്ങളിൽ.
വരും ദിവസങ്ങളിലെ മത്സര ഫലങ്ങളും ഗോൾ നിലയും പട്ടികയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ കാബോ വർദെ പോലെയുള്ള ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് മുന്നോട്ട് വരാനും സാധിക്കും. ഗ്രൂപ് എച്ചിൽ സൗദിയുമായാണ് കാബോ വർദെയുടെ ഇനിയുള്ള മത്സരം. മികച്ച മാർജിനിൽ മത്സരം ജയിച്ചാൽ ആദ്യമായി ലോകകപ്പ് കളിക്കുന്ന കാബോ വർദെയ്ക്ക് നോക്കൗട്ടിലെത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates