

ഹൂസ്റ്റൺ: ജർമൻ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ പ്രായം 38 വയസാണ്. ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായ മാനുവൽ നൂയർക്ക് പ്രായം 40 കഴിഞ്ഞിട്ടുണ്ട്. കടുത്ത ആക്രമണ തന്ത്രത്തിലൂന്നിയ ഫുട്ബോൾ പരിശീലനത്തിന്റെ ഏറ്റവും പുതിയ മുഖമായി വിലയിരുത്തപ്പെടുന്ന കോച്ചാണ് നാഗൽസ്മാൻ. ഇന്ന് ലോകകപ്പിലെ ആദ്യ പോരിന് ജർമനി ഇറങ്ങുമ്പോൾ എതിരാളികൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന ക്യുറസാവ്. ലോക ഫുട്ബോളിൽ ക്ലബുകളിലും അന്താരാഷ്ട്ര ടീമുകളിലുമായി പരിശീലകനെന്ന നിലയിൽ പയറ്റിത്തെളിഞ്ഞ ഡിക്ക് അഡ്വക്കാറ്റെന്ന 78കാരനാണ് ക്യുറസാവിന്റെ പരിശീലകൻ.
രണ്ട് കാലം രണ്ട് തന്ത്രങ്ങളുടെ ഏറ്റുമുട്ടലായി ഗ്രൂപ്പ് ഇയിലെ ആദ്യ പോരാട്ടം മാറും. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനും ഏറ്റവും പ്രായം കൂടിയ പരിശീലകനും തമ്മിലുള്ള തന്ത്രങ്ങളുടെ പോര് കൂടിയാണ് മത്സരം എന്നതും കൗതുകം ജനിപ്പിക്കുന്നു. നാഗൽസ്മാൻ പരിശീലക കരിയറിൽ ഇതാദ്യമായാണ് ലോകകപ്പ് പോരിന്റെ ഡഗൗട്ടിലേക്ക് തന്ത്രങ്ങളുമായി വരുന്നത്.
ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 മുതലാണ് പോരാട്ടം. 4 തവണ ലോക ചാംപ്യൻമാരായ ജർമനി അഞ്ചാം കിരീടം സ്വപ്നം കണ്ടു തന്നെയാണ്. 2014ൽ കിരീടം നേടിയ ജർമനിക്ക് 2018, 2022 ലോകകപ്പുകൾ നിരാശയുടേതായിരുന്നു. അതിന്റെയെല്ലാം ക്ഷീണം മാറ്റാൻ ലക്ഷ്യമിട്ടാണ് അവർ വരുന്നത്.
4-2-3-1 ശൈലിയാണ് നാഗൽസ്മാന്റെ ടാക്റ്റിക്സിന്റെ പ്രാഥമിക ഘട്ടം. കളിയുടെ ഗതിക്കനുസരിച്ച് ഫോർമേഷൻ ചെയ്ഞ്ച് മടിക്കാത്ത ആളാണ് അദ്ദേഹം. ഗഗൻപ്രസിങ് ശൈലിയുടെ പ്രയോക്താവായ നാഗൽസ്മാൻ എതിരാളികളുടെ ബോക്സിലേക്ക് നിരന്തരം ഹൈപ്രസിങിലൂടെ മുന്നേറി ഗോൾ നേടാൻ പ്രോത്സാഹിപ്പിക്കുന്ന പരിശീലകനാണ്. തുടക്കം മുതൽ തന്നെ ഗോൾ നേടാനുള്ള വഴിയായിരിക്കും അവർ അന്വേഷിക്കുക.
കയ് ഹവെർട്സ്, വാൾട്ടർമാഡെ, ഡെന്നീസ് ഉണ്ടാവ് അടക്കമുള്ള മുന്നേറ്റം ജർമനിക്കുണ്ട്. ഹവെർട്സ് സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത. ഫ്ലോറിയൻ വിയറ്റ്സ്, ജമാൽ മുസിയാല എന്നിവർ തങ്ങളുടെ മാജിക്കൽ നിമിഷങ്ങൾ അവോളം മൈതാനത്തിറക്കിയാൽ ജർമനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
പ്രായം തളർത്താത്ത ഇതിഹാസ ഗോൾ കീപ്പർ മാനുവൽ നൂയർ വിരമിക്കൽ തീരുമാനം മാറ്റി വച്ച് വീണ്ടും ദേശീയ ടീമിനായി ഇറങ്ങുന്നു. ജോഷ്വാ കിമ്മിചായിരിക്കും ടീമിന്റെ ആണിക്കല്ല്. പാവ്‍ലോവിച്, ലിയോൺ ഗൊരെറ്റ്സ്ക, സ്റ്റില്ലർ അടക്കമുള്ളവരും മധ്യനിരയ്ക്ക് ബലമായുണ്ട്. പ്രതിരോധത്തിൽ ജൊനാതൻ ഥാ ബയേൺ മ്യൂണിക്കിൽ മികച്ച സീസൺ പൂർത്തിയാക്കിയാണ് നിൽക്കുന്നത്. ഷോൾട്ടർബർഗും പ്രതിരോധത്തിനു കരുത്താണ്.
വെറ്ററൻ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ക്യുറസാവോ ലക്ഷ്യമിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ്. പ്രതിരോധത്തിലൂന്നിയ 5-4-1 ഫോർമേഷനിൽ കോട്ട കെട്ടിയായിരിക്കും ക്യുറസാവോ കളിക്കുക. ജർമൻ മുന്നേറ്റങ്ങളെ തടഞ്ഞു നിർത്തി കൗണ്ടർ അറ്റാക്കിലൂടെ മുൻ ചാംപ്യൻമാരെ പ്രതിരോധിക്കാനായിരിക്കും പരിശീലകൻ തന്ത്രം മെനയുക. ലിയാൻഡ്രോ ബാക്കുന, സഹോദരൻ ജുനിഞ്ഞോ ബാക്കുന എന്നിവരെ ഉപയോഗിച്ചായിരിക്കും കൗണ്ടർ അറ്റാക്ക്.
യോഗ്യതാ പോരാട്ടത്തിൽ കരീബിയൻ കരുത്തരായ ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ അടക്കമുള്ള ടീമുകളെ അടിതെറ്റിച്ചാണ് ക്യുറസാവ് വരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സംഭവിക്കുമോ അതോ ജർമൻ ആക്രമണത്തിന്റെ പ്രതാപകാലം മടങ്ങി വരുമോ എന്നു കാത്തിരുന്നു കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates