ആദ്യം ഹംഗറിക്ക് മുന്‍പില്‍ വിറച്ചു, പിന്നാലെ പ്രീക്വാര്‍ട്ടറില്‍ വീണു;  മരണ ഗ്രൂപ്പില്‍ നിന്ന് ഒരു വമ്പനുമില്ലാതെ യൂറോ ക്വാര്‍ട്ടര്‍ 

അധിക സമയത്തും ഫ്രാന്‍സിനൊപ്പം 3-3 എന്ന് കട്ടയ്ക്ക് പിടിച്ചാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വലിച്ചിട്ടത്
ക്രിസ്റ്റിയാനോ, എംബാപ്പെ, മുള്ളര്‍
ക്രിസ്റ്റിയാനോ, എംബാപ്പെ, മുള്ളര്‍
Updated on
1 min read

നിലവിലെ ചാമ്പ്യന്മാരും ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളും ഉള്‍പ്പെട്ടിരുന്ന യൂറോയിലെ മരണ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ മൂന്ന് ടീമും പുറത്ത്. 2016ലെ യൂറോ ചാമ്പ്യന്‍ പോര്‍ച്ചുഗലും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും തിരിച്ചുവരവിനുള്ള കരുത്ത് നിറച്ചെത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ജര്‍മനിയും പ്രീക്വാര്‍ട്ടറില്‍ പുറത്ത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ വലിയ വെല്ലുവിളിയാണ് ഈ വമ്പന്മാര്‍ക്ക് ഹംഗറിയില്‍ നിന്ന് നേരിട്ടത്. ഗ്രൂപ്പ് എഫിലെ ആദ്യ കളിയില്‍ പോര്‍ച്ചുഗലിനെ 84 മിനിറ്റ് വരെ ഗോള്‍ വല കുലുക്കാന്‍ അനുവദിക്കാതെ ഹംഗറി പിടിച്ചു നിര്‍ത്തിയിരുന്നു. മൂന്ന് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വീണെങ്കിലും ഹംഗറിയുടെ നിശ്ചയദാര്‍ഡ്യം അവിടെ വ്യക്തമായി. 

മറ്റൊരു കളിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിക്കെതിരെ ഫ്രാന്‍സ് ജയിച്ചു കയറിയെങ്കിലും രണ്ട് ടീമിന്റേയും മികവ് അവിടെ പ്രകടമായിരുന്നില്ല. ഫ്രാന്‍സിന്റെ വല കുലുങ്ങിയത് ഹമ്മല്‍സിന്റെ ഓണ്‍ ഗോളിലൂടേയും. ലോക ചാമ്പ്യന്മാരെ ഹംഗറി 1-1ന് തളച്ചതോടെ യൂറോ മത്സര ഫലങ്ങള്‍ പ്രവചനാതീതമായി തുടങ്ങി. 

പോര്‍ച്ചുഗലിനെതിരെ 4-2ന്റെ ജയം പിടിച്ച് എത്തിയെങ്കിലും ജര്‍മനിയെ 2-2ന് ഹംഗറി സമനിലയില്‍ പിടിച്ചു. ഒടുവില്‍ ഗ്രൂപ്പ് ജേതാവായി ഫ്രാന്‍സ് അവസാന 16ല്‍. രണ്ടാമത് ജര്‍മനിയും മൂന്നാമത് പോര്‍ച്ചുഗലും. ഹംഗറി പുറത്ത്. 

മരണ ഗ്രൂപ്പില്‍ നിന്ന് അതിജീവിച്ച് അവസാന 16ല്‍ എത്തിയിട്ടും മുന്‍പോട്ട് പോവാന്‍ ഈ മൂന്ന് ടീമുകള്‍ക്കുമായില്ല. പോര്‍ച്ചുഗലിനെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഗോള്‍ ബലത്തില്‍ ബെല്‍ജിയം വീഴ്ത്തി. അധിക സമയത്തും ഫ്രാന്‍സിനൊപ്പം 3-3 എന്ന് കട്ടയ്ക്ക് പിടിച്ചാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വലിച്ചിട്ടത്. അവിടെ ഭാവിയുടെ താരം എന്ന് വിശേഷണവുമായി മൈതാനത്ത് വേഗപ്പോര് നടത്തുന്ന എംബാപ്പെയ്ക്ക് പിഴച്ചപ്പോള്‍ ഷാക്കയുടെ ടീം അവസാന എട്ടില്‍. 

ഒടുവില്‍ ഇംഗ്ലണ്ടിനെതിരെ വെംബ്ലിയില്‍ നടന്ന കഴിഞ്ഞ ഏഴ് കളിയിലും ജയം പിടിച്ച ജര്‍മനിക്ക് കാലിടറി. ഷോയും ഗ്രീലിഷും സ്‌റ്റെര്‍ലിങ്ങും മികവ് കാണിച്ചപ്പോള്‍ 81ാം മിനിറ്റില്‍ പിക്‌ഫോര്‍ഡ് മാത്രം മുന്‍പില്‍ നില്‍ക്കെ പോസ്റ്റിന് വെളിയിലേക്ക് അടിച്ചുകളഞ്ഞ് തോമസ് മുള്ളര്‍ തിരിച്ചു വരവിനുള്ള അവസാന അവസരവും കളഞ്ഞു കുളിച്ചു. ജോക്കിം ലോ നിരാശയോടെ മടങ്ങിയപ്പോള്‍ മരണ ഗ്രൂപ്പില്‍ നിന്ന് ഒരു കരുത്തനുമില്ലാതെ യൂറോയുടെ ക്വാര്‍ട്ടര്‍ പോര്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com