

വെല്ലിങ്ടന്‍: ഋഷഭ് പന്ത് വിദേശ പിച്ചിലെ തന്റെ ആധിപത്യം ഒരിക്കല്‍ കൂടി വെളിവാക്കി. പതിവ് ശൈലിയില്‍ വെടിക്കെട്ടുമായി പന്ത് കളം വാണ് ഇന്ത്യന്‍ സ്‌കോര്‍ നാലാം ദിനത്തില്‍ ഉയരങ്ങളിലെത്തിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ അതില്‍ പന്തിന്റെ സെഞ്ച്വറിയും നിര്‍ണായകമായി. താരം 159 പന്തില്‍ 6 സിക്‌സും 10 ഫോറും സഹിതം 128 റണ്‍സ് നേടിയാണ് മടങ്ങിയത്.
കരിയറിലെ ഒന്‍പതാം ടെസ്റ്റ് സെഞ്ച്വറി താരം കുറിച്ചത് ഒരു സിക്‌സിലൂടെയാണ്. ഇതോടെ ഒരു അപൂര്‍വ റെക്കോര്‍ഡില്‍ താരം രണ്ടാം സ്ഥാനത്തേക്കും കയറി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എലീറ്റ് ക്ലബിലാണ് പന്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.
ടെസ്റ്റ് പോരാട്ടങ്ങളില്‍ സിക്‌സടിച്ച് ഇത് നാലാം തവണയാണ് പന്ത് ശതകം തൊടുന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇത്തരത്തില്‍ സെഞ്ച്വറി നേടിയ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ പന്ത് രണ്ടാം സ്ഥാനത്തേക്ക് കയറി. 4 സെഞ്ച്വറികളുമായി പന്ത് ഇംഗ്ലീഷ് താരം കെൻ ബെരിങ്ടനൊപ്പം റെക്കോർഡിൽ ഇനി രണ്ടാം സ്ഥാനം പങ്കിടും. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമൻ. കരിയറില്‍ 6 തവണയാണ് സച്ചിന്‍ സിക്‌സടിച്ച് ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, ക്രിസ് ഗെയ്ല്‍, ന്യൂസിലന്‍ഡ് ഇതിഹാസം ബ്രണ്ടന്‍ മക്കെല്ലം, ശ്രീലങ്കന്‍ ഇതിഹാസ ബാറ്റര്‍ കുമാര്‍ സംഗക്കാര, ഇന്ത്യന്‍ ഇതിഹാസം രോഹിത് ശര്‍മ എന്നിവര്‍ ടെസ്റ്റ് സെഞ്ച്വറി സിക്‌സടിച്ച് 3 തവണ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates