

വെല്ലിങ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയതോടെയാണ് ഇന്ത്യന്‍ നേട്ടം.
ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു ടീം തുടര്‍ച്ചയായി 7 അര്‍ധ സെഞ്ച്വറി കൂട്ടുകളുമായി ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയെന്ന അപൂര്‍വതയാണ് ഇന്ത്യ വെല്ലിങ്ടനില്‍ സ്ഥാപിച്ചത്. മത്സരത്തില്‍ ഇന്ത്യ 352 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
കെഎല്‍ രാഹുല്‍ (136), ഋഷഭ് പന്ത് (128) എന്നിവരുടെ സെഞ്ച്വറികളും യശസ്വി ജയ്‌സ്വാള്‍ (85), ദേവ്ദത്ത് പടിക്കല്‍ (80), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (98), ധ്രുവ് ജുറേല്‍ (78) എന്നിവരുടെ അര്‍ധ ശതകങ്ങളും നേട്ടത്തിന്റെ ഭാഗമായി. രാത്രി കാവല്‍ക്കാരനായി ഇറങ്ങിയ അന്‍ഷുല്‍ കാംബോജ് 42 പന്തുകള്‍ ചെറുത്ത് നേടിയ 38 റണ്‍സും കൂട്ടുകെട്ടില്‍ നിര്‍ണായകമായി. വാഷിങ്ടന്‍ സുന്ദര്‍ നേടിയ 24 റണ്‍സും റെക്കോര്‍ഡ് കൂട്ടുകെട്ടിലുണ്ട്.
ഒന്നാം വിക്കറ്റില്‍ രാഹുലും ജയ്‌സ്വാളും ചേര്‍ന്നു 130 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി, പിന്നാലെ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്നു 165 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ രാഹുലും ഗില്ലും ചേര്‍ന്നു 91 റണ്‍സ് കൂട്ടുകെട്ടും നാലാം വിക്കറ്റില്‍ ഗില്‍- പന്ത് സഖ്യം 100 റണ്‍സും ബോര്‍ഡില്‍ ചേര്‍ത്തു. അഞ്ചാം വിക്കറ്റില്‍ പന്തും കാംബോജും ചേര്‍ന്നു 68 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. പന്തും ജുറേലും ചേര്‍ന്നു ആറാം വിക്കറ്റില്‍ 75 റണ്‍സും സ്വന്തമാക്കി. ജുറേലും വാഷിങ്ടന്‍ സുന്ദറും ചേര്‍ന്നു 54 റണ്‍സ് ഏഴാം വിക്കറ്റിലും ഉയര്‍ത്തിയാണ് ചരിത്ര നേട്ടത്തില്‍ പങ്കാളികളായത്.
ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് റണ്‍സ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് നിലവില്‍ ഇന്ത്യക്കു തന്നെയാണ്. 2007ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ചേര്‍ന്നു 8, 50 പ്ലസ് കൂട്ടുകെട്ടുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തുടരെയായിരുന്നില്ല ഇത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റില്‍ 7 കൂട്ടുകെട്ടുകളുണ്ടാക്കിയിരുന്നു. ഇതും തുടരെ അല്ല.
ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ തുടരെയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. അതാണ് റെക്കോര്‍ഡിനെ വേറിട്ടു നിര്‍ത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates