

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയാണ് ടി20 ലോകകപ്പ് അവസാനിച്ചത്. ഇന്ത്യ ചരിത്രമെഴുതി മൂന്നാം തവണയും കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായി. ചരിത്രത്തിലാദ്യമായി ഒരു ടീം ടി20 ലോകകപ്പ് നിലനിര്‍ത്തിയെന്ന റെക്കോര്‍ഡും ടീം ഇന്ത്യ സ്വന്തമാക്കി. അസോസിയേറ്റ് രാജ്യങ്ങളുടെ പങ്കാളിത്തവും സിംബാബ്‌വെ നടത്തിയ വമ്പന്‍ അട്ടിമറികളും സഞ്ജു സാംസണ്‍ നടത്തിയ ഗംഭീര തിരിച്ചുവരവുമൊക്കെ ലോകകപ്പിനെ സംഭവ ബഹുലമാക്കി.
അസാമാന്യ ക്യാച്ചുകള്‍, കിടിലന്‍ ചെയ്‌സിങ് വിജയങ്ങള്‍, അമ്പരപ്പിക്കുന്ന ഷോട്ടുകള്‍ നിറഞ്ഞ ബാറ്റിങ് മികവുകള്‍, ഉജ്ജ്വലമായ ബൗളിങ് പ്രകടനങ്ങള്‍ തുടങ്ങി ആധുനിക കാലത്തെ ടി20 ക്രിക്കറ്റിന്റെ സര്‍വവും ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരുന്നു ഈ ലോകകപ്പ്. നിരവധി റെക്കോര്‍ഡുകളും ഈ ലോകകപ്പില്‍ പിറന്നു.
റെക്കോര്‍ഡുകള്‍
3- ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. 2007, 2024, 2026 വര്‍ഷങ്ങളില്‍ നേട്ടം.
5ന് 255- ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ നേടിയ 255 റണ്‍സ് ടി20 ലോകകപ്പ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലായി. അന്താരാഷ്ട്ര ടി20 പോരാട്ടത്തിന്റെ ഒരു നോക്കൗട്ട് ഘട്ടത്തിലെ ഉയര്‍ന്ന ടോട്ടലെന്ന റെക്കോര്‍ഡും ഈ സ്‌കോറിനു തന്നെ.
250 പ്ലസ്- ടീം ടോട്ടലില്‍ ഇന്ത്യ മറ്റൊരു നേട്ടവും സ്വന്തമാക്കി. ലോകകപ്പില്‍ തുടരെ രണ്ട് തവണ ടീം ടോട്ടല്‍ 250നു മുകളില്‍ എത്തിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടിയിരുന്നു. പിന്നാലെയാണ് ഫൈനലിലെ 255. ഈ ലോകകപ്പില്‍ ഇന്ത്യ 3 തവണയാണ് 250 പ്ലസ് സ്‌കോറുകള്‍ നേടുന്നത്. സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് അടിച്ചു. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ഇന്ത്യ സിംബാബ്‌വെക്കെതിരെ നേടിയ ഈ സ്‌കോര്‍ തന്നെ.
383- ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ സ്വന്തമാക്കി. 383 റണ്‍സാണ് താരം നേടിയത്. 2024ല്‍ വിരാട് കോഹ്‌ലി നേടിയ 319 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡില്‍. ഇത്തവണ കോഹ്‌ലിയെ ഇന്ത്യയുടെ സഞ്ജു സാംസണ്‍ (321), ന്യൂസിലന്‍ഡിന്റെ ടിം സെയ്ഫര്‍ട് (326) എന്നിവരും മറികടന്നു.
176- അന്താരാഷ്ട്ര ടി20യിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം ശ്രീലങ്കക്കെതിരെ അടിച്ചെടുത്തു. ഓപ്പണിങില്‍ മാത്രമല്ല ഏതൊരു വിക്കറ്റിലേയും ടി20യിലെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
92- ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യ പവര്‍പ്ലേയിലെ 6 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 92റണ്‍സ്. ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന വിന്‍ഡീസിന്റെ നേട്ടത്തിനൊപ്പം ഇന്ത്യയും എത്തി.
89- ഒരു ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് സഞ്ജു സാംസണ്‍ ഇത്തവണ നേടിയ 89 റണ്‍സ് സ്വന്തമാക്കി. 8 സിക്‌സും 5 ഫോറും സഹിതം 46 പന്തിലാണ് സഞ്ജു 89ല്‍ എത്തിയത്.
499- ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി പോരാട്ടത്തില്‍ പിറന്നത് 499 റണ്‍സ്. ടി20 ലോകകപ്പിലെ ഏറ്റവും വലിയ മാച്ച് അഗ്രിഗേറ്റാണിത്. ഇന്ത്യ 253 അടിച്ചപ്പോള്‍ ഇംഗ്ലണ്ട് 247 റണ്‍സാണ് കണ്ടെത്തിയത്. ഇന്ത്യ 7 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്.
18- ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഫൈനലില്‍ 18 പന്തില്‍ അര്‍ധ സെഞ്ച്വറി തൊട്ടു. ഈ ലോകകപ്പിലെ അതിവേഗ അര്‍ധ സെഞ്ച്വറിയും ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡും ഈ പ്രകടനത്തിന്.
24- ഒരു ടി20 ലോകകപ്പ് അധ്യായത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമായി സഞ്ജു സാംസണ്‍ മാറി. ഈ ലോകകപ്പില്‍ താരം നിലം തൊടാതെ പറത്തിയത് 24 സിക്‌സുകള്‍.
33- ഒരു ലോകകപ്പ് പോരാട്ടത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ് ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അല്ലന്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ അല്ലന്‍ 33 പന്തില്‍ സെഞ്ച്വറി നേടി. 47 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20, ഏകദിന ലോകകപ്പുകളിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇതുതന്നെ.
106- ഈ ലോകകപ്പില്‍ ഇന്ത്യ ആകെ നേടിയ സിക്‌സുകളുടെ എണ്ണം. ചരിത്രത്തിലാദ്യമായാണ് ഒരു ടി20 ടൂര്‍ണമെന്റില്‍ ഒരു ടീം 100നു മുകളില്‍ സിക്‌സുകള്‍ പറത്തുന്നത്.
146.00- സിംബാബ്‌വെ താരം ബ്രയാന്‍ ബെന്നറ്റ് ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ആവറേജുള്ള താരമായി. ഈ ലോകകപ്പില്‍ 146.00 ആവറേജില്‍ താരം 292 റണ്‍സെടുത്തു. 6 കളിയില്‍ നിന്നാണ് നേട്ടം. ഇതില്‍ 4 കളിയിലും താരം നോട്ടൗട്ടുമായിരുന്നു. 3 അര്‍ധ സെഞ്ച്വറികളും താരം ഇത്തവണ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates