

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ജിംനാസ്റ്റിക്സ് ഫൈനൽ മത്സരത്തിനിടെ വൻ അപകടം. ഇംഗ്ലണ്ട് താരം ഗബ്രിയേൽ ലാംഗ്ടൻ ഹൈ ബാർ പ്രകടനം നടത്തുന്നതിനിടെ തല കീഴായി താഴെ വീണു. കഴുത്തുകുത്തിയാണ് താരം വീണത്. പിന്നാലെ മത്സരം താത്കാലികമായി നിർത്തിവച്ചു. അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തിനു സംഭവിച്ച അപകടം ടൂർണമെന്റിൽ ആശങ്കയുടെ നിഴൽ വീഴ്ത്തി.
ഫൈനലിലെ അവസാന റൗണ്ട് മത്സരത്തിനിടെയാണ് നിർഭാഗ്യകരവും ഞെട്ടിക്കുന്നതുമായി അപകടം സംഭവിച്ചത്. ഹൈ ബാർ പ്രകടനം തുടരുന്നതിനിടെയാണ് 19കാരൻ ബാലൻസ് തെറ്റി തലയും കഴുത്തും കുത്തി വീണത്. ഏതാണ്ട് 3 മീറ്റർ ഉയരത്തിൽ നിന്നാണ് വീഴ്ച. ഉടനടി വൈദ്യ സഹായം താരത്തിനു ലഭ്യമാക്കി. പത്തിലധികം വരുന്ന മെഡിക്കൽ സംഘം താരത്തെ പ്രാഥമികമായി പരിശോധിച്ചു.
പിന്നീട് കഴുത്തിന് ബ്രേസ് ധരിപ്പിച്ച് താരത്തെ സ്ട്രെക്ച്ചറിൽ കിടത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ താരം ബോധവാനാണെന്നും കൈകാലുകൾ ചലിപ്പിക്കാനും ഡോക്ടർമാരോട് സംസാരിക്കാനും സാധിച്ചെന്നും അധികൃതർ സ്ഥിരീകരിച്ചു.
നിർഭാഗ്യകരമായ സംഭവം സഹ മത്സരാർഥികളിലും വലിയ ആഘാതമുണ്ടാക്കി. താരത്തിനെതിരെ മത്സരിച്ച മറ്റ് രാജ്യങ്ങളിലെ എതിരാളികളെല്ലാം ലാംഗ്ടനു പിന്തുണയുമായി എത്തി.
അപകടത്തിനു പിന്നാലെ മത്സരങ്ങൾ പുനരരാംഭിച്ചപ്പോൾ കാനഡ സ്വർണം സ്വന്തമാക്കി. ഫെലിക്സ് ഡോൾസിയുടെ മികവിൽ അവർ 241.400 പോയിന്റുകൾ നേടിയാണ് സ്വർണം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. അപകടം അവരുടെ പ്രതീക്ഷകളെ തകർക്കുന്നതായി. ഇംഗ്ലണ്ടിനാണ് വെള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates