

ദുബായ്: ഏഷ്യാ കപ്പില്‍ വിജയിച്ച ശേഷം താരങ്ങള്‍ക്ക് കൈ കൊടുക്കാതെ ഗ്രൗണ്ട് വിട്ട ഇന്ത്യന്‍ താരങ്ങളുടെ നടപടിക്കെതിരെ പാകിസ്ഥാന്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പാക് ടീം പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ താരങ്ങളുടെ നടപടി സ്‌പോര്‍ട്മാന്‍ സ്പിരിറ്റിനു വിരുദ്ധമെന്നു പാക് ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചിരുന്നു.
കളിയുടെ നിയമങ്ങള്‍ക്ക് എതിരാണ് ഇന്ത്യന്‍ താരങ്ങളുടെ നടപടി. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിലേക്ക് പാക് നായകനെ അയയ്ക്കാത്തത് പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നുവെന്നും പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
'ഞങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ എതിര്‍ ടീം അംഗങ്ങള്‍ അതിനു തയ്യാറാകാത്തത് നിരാശപ്പെടുത്തി. ഹസ്തദാനത്തിനായി ഞങ്ങള്‍ ഒരുങ്ങി വന്നപ്പോഴേക്കും ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് പോയിക്കഴിഞ്ഞിരുന്നു'- പാക് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി.
ഇന്ത്യ- പാക് പോരാട്ടം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചുറ്റിലും ഉയര്‍ന്ന ഘട്ടത്തിലാണ് ഇന്ത്യ കളിക്കാനെത്തിയതും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതും. ടോസ് സമയത്ത് പാക് നായകന്‍ സല്‍മാന്‍ ആഘയ്ക്ക് കൈ കൊടുക്കാന്‍ സൂര്യകുമാര്‍ തയ്യാറായിരുന്നില്ല. മത്സര ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളെ മൈന്‍ഡ് ചെയ്യാതെ മടങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പാക് ടീം രംഗത്തെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണവും അതിനുള്ള ഇന്ത്യയുടെ ചുട്ടമറുപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കും ശേഷം ആദ്യമാണ് ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നത്. പാകിസ്ഥാനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിന്റെ സൈനികര്‍ക്കാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കിയിരുന്നു.
'ഞങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പാകിസ്ഥാനെതിരായ ഈ വിജയം ഞങ്ങള്‍ ധീരരായ ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുന്നു. അവര്‍ ഞങ്ങളെ തുടര്‍ന്നും പ്രചോദിപ്പിക്കട്ടെ. അവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിക്കാന്‍ ഞങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കട്ടെ. പാകിസ്ഥാനെതിരായ ഈ കളി ഞങ്ങള്‍ക്കു മറ്റൊരു മത്സരം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല'- ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കി.
ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചത്. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ ജയം 7 വിക്കറ്റിന്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വന്നു. ഇന്ത്യ 131 റണ്‍സാണ് അടിച്ചത്. ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. തുടരെ രണ്ട് ജയങ്ങളുമായാണ് ഇന്ത്യ അടുത്ത ഘട്ടമുറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates