അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർക്ക് മാത്യു ഹെയ്ഡനെയും മങ്കൂസ് ബാറ്റിനെയും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. 2010ലെ സീസണില്‍ കുഞ്ഞു ബാറ്റായ മങ്കൂസും കൊണ്ട് മാത്യു ഹെയ്ഡന്‍ മത്സരത്തിന് ഇറങ്ങിയിരുന്നു. അന്ന് ഡല്‍ഹി ടീമിനെതിരെ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് ഹെയ്ഡന്‍ 43 പന്തില്‍ 93 റൺസ് ആണ് അടിച്ചെടുത്തത്. എന്നാൽ ക്രിക്കറ്റ് നിയമങ്ങൾ കൂടുതൽ ശക്തമായതോടെ ഇത്തരത്തിലുള്ള ബാറ്റുകൾ പിന്നീട് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല.
ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ച് ആയി മാത്യു ഹെയ്ഡനെ നിയമിച്ചിരുന്നു. ടീമിനൊപ്പം ചേർന്ന് ഹെയ്ഡൻ താരങ്ങൾക്ക് പരിശീലനവും നൽകി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ മാധ്യമങ്ങൾ ഹെയ്ഡനോട് പഴയ ആ മങ്കൂസ് ബാറ്റിനെക്കുറിച്ച് ചോദിച്ചിരുന്നു. ഒരു ബാറ്റിങ് കോച്ച് എന്ന നിലയിൽ ടീമിലെ ആർക്കാകും മങ്കൂസ് ബാറ്റ് നൽകുക എന്നായിരുന്നു ചോദ്യം.
“എന്റെ മങ്കൂസ് ബാറ്റ് ഞാൻ ഈ ടീമിലെ ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അത് രാഹുല്‍ തേവാടിയയ്ക്ക് ആയിരിക്കും. ആ ബാറ്റ് കൃത്യമായി ഉപയോഗിക്കാൻ അവന് അറിയാം. നീളം കൂടിയ ബാറ്റ് ഉപയോഗിച്ച് അവൻ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ വിജയം നിർണയിക്കുന്നത് പലപ്പോഴും 5 അല്ലെങ്കിൽ 10 റൺസുകൾ മാത്രമാണ്. തുടക്കത്തിലും അവസാനത്തിലും കൂറ്റനടികൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്'' ഹെയ്ഡൻ പറഞ്ഞു.
കഴിഞ്ഞ നാല് സീസണുകളായി ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കളിക്കുന്ന താരമാണ് തേവാടിയ. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഫിനിഷറുകളിൽ ഒരാളും കൂടിയാണ്. 43 ഇന്നിങ്‌സുകളിൽ നിന്ന് 591 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും ഗുജറാത്തിനായി ബാറ്റ് വീണ്ടും മാജിക് കാണിക്കാൻ തേവാടിയയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates