മുംബൈ: ഇന്ത്യയുടെ സമീപ കാലത്തെ രണ്ട് ഉജ്ജ്വല ടെസ്റ്റ് പരമ്പര വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. മുന്‍ ഇതിഹാസ താരങ്ങളില്‍ പലരും പന്തിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ആ നിരയിലേക്ക് മറ്റൊരു ഇതിഹാസ ബാറ്റ്‌സ്മാന്‍ കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണാണ് ഇപ്പോള്‍ യുവ തരത്തിന്റെ മികവ് എടുത്ത് പറയുന്നത്.
ക്രീസില്‍ അല്‍പ്പ സമയം ചെലവഴിക്കാന്‍ കിട്ടിയാല്‍ പന്ത് എതിര്‍ ടീം നായകനില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പ് വളരെ വലുതാണെന്ന് ലക്ഷ്മണ്‍ നിരീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ പരുങ്ങിയ സമയത്ത് നിര്‍ഭയനായി നിന്ന് പൊരുതിയ പന്ത് 101 റണ്‍സുമായാണ് കളം നിറഞ്ഞത്. ഈ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ വിജയത്തിനാവശ്യമായ റണ്‍സ് പടുത്തുയര്‍ത്തിയത്.
'കഴിഞ്ഞ ഒന്നര വര്‍ത്തോളമായി ഏഴാം സ്ഥാനത്ത് ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് ടീം അമിതമായി ആശ്രയിക്കുന്നത്. ഇരുവരുമാകട്ടെ സ്ഥിരമായി ആ സ്ഥാനത്ത് കളിക്കുന്നുമില്ല. ഏഴാം നമ്പറില്‍ ഋഷഭ് പന്ത് മികവും പക്വതയമുള്ള താരമായി മാറുന്നത് പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം തീര്‍ച്ചയായും ഒരു മാച്ച് വിന്നറായി മാറുന്ന കാഴ്ചയാണുള്ളത്. ഒന്നോ രണ്ടോ ഇന്നിങ്‌സുകള്‍ കൊണ്ട് പന്തിനെ വിലയിരുത്തരുത്'.
'ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി അദ്ദേഹം സമ്മര്‍ദ്ദത്തില്‍ കളിക്കുന്നതും മത്സരങ്ങള്‍ വിജയിപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍, അദ്ദേഹം ക്രീസിലെത്തിയാല്‍ എതിര്‍ ടീം നായകന് വേവലാതി സമ്മാനിക്കുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പന്ത് ഒരു സമ്പത്താണ്. കാരണം നിങ്ങള്‍ ലോകകപ്പ് അടക്കമുള്ള വലിയ പോരാട്ടങ്ങള്‍ വരാനിരിക്കെ അയാളുടെ സാന്നിധ്യം ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. അയാള്‍ക്ക് ഗ്രിപ്പ് കിട്ടിക്കഴിഞ്ഞാല്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനാകുമെന്നും ഞാന്‍ കരുതുന്നു'- ലക്ഷ്മണ്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട്, മൂന്ന് മാസമായി ഋഷഭ് പന്ത് നിലവാരമുള്ള ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സിഡ്‌നിയിലും ബ്രിസ്‌ബേനിലും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചു. ഗാബയിലെ ഉജ്ജ്വലമായ ഇന്നിങ്‌സിലൂടെ ഇന്ത്യക്ക് 32 വര്‍ഷത്തിന് ആ മൈതാനത്ത് വിജയം സമ്മാനിക്കാനും താരത്തിന് സാധിച്ചു.
ഓസ്‌ട്രേലിയയില്‍ പുറത്തെടുത്ത മികവിന് പിന്നാലെ താരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്കും ഉള്‍പ്പെടുത്തി. അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയും ശതകം നേടി പന്ത് ഇന്ത്യക്ക് പരമ്പര നേട്ടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചും. സമീപ കാലത്തെ ഈ ഇന്നിങ്‌സുകളാണ് പന്തിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. താരത്തിന്റെ നിര്‍ഭയമായ ബാറ്റിങും മുന്‍ താരങ്ങളടക്കമുള്ളവരെ ആകര്‍ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates