

മുംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഫോര്‍മാറ്റിനെതിരെ ആരാധകര്‍ രംഗത്ത്. 8 ടീമുകളാണ് സൂപ്പര്‍ 8ലേക്ക് കടന്നിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ നാല് ഗ്രൂപ്പുകളില്‍ അഞ്ച് ടീമുകളായിരുന്നു. ഇതില്‍ നിന്നു ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണ് എട്ട് ടീമുകളായി അടുത്ത ഘട്ടത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.
സൂപ്പര്‍ എട്ടില്‍ 4 വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാണ്. ഈ ഫോര്‍മാറ്റാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
സാധാരണ നിലയില്‍ സൂപ്പര്‍ എട്ടില്‍ മത്സരം വരേണ്ടത് ഒരു ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും മറ്റൊരു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ്. എന്നാല്‍ ഈ ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ തമ്മിലും രണ്ടാം സ്ഥാനക്കാര്‍ തമ്മില്‍ തമ്മിലുമാണ് മത്സരിക്കുന്നത്.
സൂപ്പര്‍ എട്ടിലെ പോരാട്ടം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. പ്രാഥമിക ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ രണ്ട് ടീമുകള്‍ സെമി കാണും മുന്‍പ് പുറത്തു പോകേണ്ട സ്ഥിതിയാണ് ഇതുകൊണ്ടു സംഭവിക്കുന്നത് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീമിന് എളുപ്പത്തില്‍ സെമി ബര്‍ത്ത് ഉറപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.
സാധാരണ നിലയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഐസിസിക്ക് ഒന്നാം സ്ഥാനത്തിനോട് അത്ര താത്പര്യമില്ലെന്നാണ് ചിലര്‍ ട്രോളുന്നത്.
ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരായാണ് സൂപ്പര്‍ എട്ടില്‍ എത്തിയത്. എന്നാല്‍ ഐസിസിയുടെ സീഡിങില്‍ അവര്‍ താഴെയാണ്. രണ്ടാമതുള്ള ന്യൂസിലന്‍ഡാണ് ദക്ഷിണാഫ്രിക്കയേക്കാള്‍ സീഡിങില്‍ മുന്നിലുള്ളത്. കാരണം പ്രോട്ടീസിനേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ളത് കിവികളാണ്.
ശ്രീലങ്കയുടെ കാര്യം നോക്കു. അവര്‍ ഇതുവരെ കളിച്ചത് സ്വന്തം മണ്ണിലാണ്. ഇനി സെമിയിലെത്തിയാല്‍ അവര്‍ ഇന്ത്യന്‍ മണ്ണില്‍ വന്ന് കളിക്കേണ്ട സ്ഥിതിയാണ്. ഇതുവരെ സ്വന്തം നാട്ടുകാരുടെ പിന്തുണയില്‍ കളിച്ച ലങ്കയ്ക്ക് സെമിയില്‍ ആ അവസരം നഷ്ടമാകും.
എന്നാല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി മത്സരം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇതിനെ ന്യായീകരിക്കുന്നത്. സീഡിങ് സംവിധാനം ഇത്തരത്തിലുള്ള ടൂര്‍ണമെന്റുകളില്‍ അനിവാര്യമാണെന്നും ഐസിസി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates