

1932 ജൂൺ 25ന് കോട്ടാരി കനകയ്യ നായിഡുവിന്റെ (സികെ നായിഡു) നേതൃത്വത്തിൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യ 94 വർഷങ്ങൾക്കു ശേഷം ഇന്ന് ശ്രീലങ്കയിലെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തങ്ങളുടെ ചരിത്രത്തിലെ 600ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നു. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ശേഷം ഈ നാഴികക്കല്ല് താണ്ടുന്ന മൂന്നാമത്തെ മാത്രം രാജ്യമായി മാറും.
319 താരങ്ങൾ ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഈ കണ്ണിയിലെ നിലവിലെ അവസാന താരം മാനവ് സുതറാണ്. 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് ക്യാപ്പുകൾ ധരിച്ച താരം. 94 വർഷത്തിനിടെ 38 ക്യാപ്റ്റൻമാർ ഇന്ത്യയെ ടെസ്റ്റിൽ നയിച്ചു. 2014 മുതൽ 2022 വരെ 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച് 40 വിജയങ്ങൾ നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റൻ.
ഒന്നാം ടെസ്റ്റ്: ഇന്ത്യ vs ഇംഗ്ലണ്ട്, 1932 ജൂൺ 25- 28
മഹാരാജ ഓഫ് പോർബന്ദറെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പോരാട്ടത്തിലെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്നത്. എന്നാൽ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് സികെ നായിഡുവാണ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 259 റൺസ് നേടി. ഇന്ത്യയുടെ പോരാട്ടം 189 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് 158 റൺസ് ജയം. ഇന്ത്യക്കായി അമർ സിങ് 51 റൺസ് നേടി.
100ാം ടെസ്റ്റ്: ഇന്ത്യ vs ഇംഗ്ലണ്ട്, 1967 ജൂലൈ 13- 15
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ നേതൃത്വത്തിലാണ് ഇന്ത്യ നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 298 റൺസെടുത്തു. ഇന്ത്യയുടെ ബാറ്റിങ് നിര അമ്പേ തകർന്നു പോയി. പോരാട്ടം ഇംഗ്ലണ്ട് 132 റൺസിനു വിജയിച്ചു. ഇന്ത്യൻ സ്പിന്നർമാരായ ശ്രീനിവാസൻ വെങ്കട്ടരാഘവൻ, ബി ചന്ദ്രശേഖർ, ബിഷൻസിങ് ബേദി, ഏറാപ്പള്ളി പ്രസന്ന എന്നിവർ ചേർന്നു ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും വീഴ്ത്തിയതാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ഓർക്കാനുള്ളത്.
200ാം ടെസ്റ്റ്: ഇന്ത്യ vs പാകിസ്ഥാൻ, 1982 ഡിസംബർ 10- 15
ലാഹോറിലെ ചരിത്രപ്രസിദ്ധമായ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം കാണാൻ അന്ന് കാണികളുണ്ടായിരുന്നില്ല. സുനിൽ ഗാവസ്കറാണ് ഇന്ത്യയെ നയിച്ചത്. പാക് താരം സഹീർ അബാസ് ഇരട്ട സെഞ്ച്വറി (215) നേടി. ഇന്ത്യയുടെ മറുപടി ബാറ്റിങിൽ മൊഹീന്ദർ അമർനാഥ് സെഞ്ച്വറി (പുറത്താകാതെ 109) നേടി. ഗാവസ്കർ 81 റൺസും കണ്ടെത്തി. മത്സരത്തിൽ ഗാവാസ്കർ 7,000 ടെസ്റ്റ് റണ്ണെന്ന നാഴികകല്ല് താണ്ടി. ഒടുവിൽ പോരാട്ടം സമനിലയിൽ.
300ാം ടെസ്റ്റ്: ഇന്ത്യ vs ദക്ഷിണാഫ്രിക്ക, 1996 നവംബർ 20- 23
വിവിഎസ് ലക്ഷ്മണിന്റെ ഐതിഹാസിക ടെസ്റ്റ് കരിയർ തുടങ്ങിയ പോരാട്ടം. സച്ചിൻ ടെണ്ടുൽക്കറായിരുന്നു ക്യാപ്റ്റൻ. സ്പിന്നർമാരുടെ മികവിൽ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ലക്ഷ്മണിന്റെ അർധ സെഞ്ച്വറി (51) ബലത്തിൽ തിരിച്ചു വന്നു. ഒടുവിൽ ജവഗൽ ശ്രീനാഥ് 6 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് 64 റൺസ് വിജയം സമ്മാനിച്ചു.
400ാം ടെസ്റ്റ്: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്, 2006 ജൂൺ 30- ജൂലൈ 02
രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീം ഹർഭജൻ സിങിന്റെ തകർപ്പൻ ബൗളിങ് മികവിൽ (രണ്ടിന്നിങ്സിലുമായി 13 വിക്കറ്റുകൾ) വെസ്റ്റ് ഇൻഡീസിനെ ഒന്നാം ഇന്നിങ്സിൽ 103 റൺസിൽ പുറത്താക്കി. ക്യാപ്റ്റൻ ദ്രാവിഡിന്റെ ബാറ്റിങ് കരുത്തിൽ (81, 68 റൺസ്) ബലത്തിലും രണ്ടാം ഇന്നിങ്സിൽ അനിൽ കുംബ്ലെ വീഴ്ത്തിയ 6 വിക്കറ്റ് പ്രകടനത്തിന്റെ മികവിലും ഇന്ത്യ 49 റൺസ് വിജയം സ്വന്തമാക്കി.
500ാം ടെസ്റ്റ്: ഇന്ത്യ vs ന്യൂസിലൻഡ്, 2016 സെപ്റ്റംബർ 22- 26
വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യ 500ാം ടെസ്റ്റിൽ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മുരളി വിജയ് (65, 64 റൺസ്), ചേതേശ്വർ പൂജാര (62, 78 റൺസ്) ബാറ്റിങ് മികവിലും ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിൻ കരുത്തിലുമാണ് ജയം സ്വന്തമാക്കിയത്. 197 റൺസിന്റെ വൻ വിജയമാണ് ഇന്ത്യ നേടിയത്. അശ്വിൻ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates