

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ നിർണായക പോരാട്ടത്തിൽ നാളെ ഇന്ത്യ സിംബാബ്‌വെയെ നേരിടും. സൗത്ത് ആഫ്രിക്കയോടേറ്റ കനത്ത തോൽവിയിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ടീം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.
നെറ്റ്സിൽ മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും പ്രത്യേകം പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഐസിസി തന്നെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
വമ്പൻ അടികളോടെയാണ് ഇരുവരും നെറ്റ്സിലെ പരിശീലനം പൂർത്തിയാക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ സ്ഥിരത കണ്ടെത്താതെ ഇന്ത്യൻ ടീം ബുദ്ധിമുട്ടുമ്പോൾ ഇരുവരും ഓപ്പണർമാരായി കളത്തിലിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടാതെ പോയ അക്ഷർ പട്ടേലും കഴിഞ്ഞ ദിവസം നടന്ന പ്രാക്ടീസ് സെക്ഷനിൽ പങ്കെടുത്തിരുന്നു. ഇതോടെ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന് ഉറപ്പായി.
അതേ സമയം, പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില വഷളായതോടെ ടീം വിട്ട റിങ്കു സിങ് അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലര്‍ച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates