

ജമൈക്ക: 2004ലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഗാബ മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്‍ബിഡബ്ല്യു ആയി ഔട്ടായത് വിവാദമായിരുന്നു. അംപയറുടെ തെറ്റായ തീരുമാനാണ് അന്ന് സച്ചിന്റെ പുറത്താകലിനു വഴിവച്ചത് എന്നു അന്നേ ആരോപണവുമുണ്ടായിരുന്നു. വിഖ്യാത വെസ്റ്റ് ഇന്‍ഡീസ് അംപയര്‍ സ്റ്റീവ് ബക്‌നറാണ് അന്ന് തെറ്റായി ഔട്ട് വിളിച്ചത്.
അന്നത്തെ സച്ചിനെതിരായ എല്‍ബിഡബ്ല്യു ഔട്ട് തീരുമാനം തെറ്റായിരുന്നുവെന്നു തുറന്നു സമ്മതിക്കുകയാണ് ഇപ്പോള്‍ സ്റ്റീവ് ബക്‌നര്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അംപയേഴ്‌സ് അസോസിയേഷനോട് സംസാരിക്കവേയാണ് വിവാദമായ ഔട്ട് അബദ്ധം പറ്റിയതാണെന്നു തുറന്നു സമ്മതിച്ചത്.
'അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചത് ഒരു തെറ്റായ തീരുമാനമാായിരുന്നു. അതെനിക്കറിയാവുന്ന കാര്യമാണ്. ഇപ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഞാന്‍ എന്തിന് ഔട്ട് വിളിച്ചു, അദ്ദേഹം ഔട്ടായിരുന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ജീവിതത്തില്‍ നമുക്കൊക്കെ തെറ്റ് സംഭവിക്കാറില്ലേ. അത്തരമൊരു തെറ്റായിരുന്നു അത്. ഞാന്‍ ആ അബദ്ധം അംഗീകരിച്ച് ഇപ്പോഴും ജീവിക്കുന്നു'- 79കാരന്‍ വ്യക്തമാക്കി.
2003-04 സീസണിലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്‌ബെയ്‌നിലെ ഗാബ മൈതാനത്തു നടന്ന ഒന്നാം ടെസ്റ്റ് പോരാട്ടത്തിനിടെയാണ് വിവാദമായ ഔട്ട്. ജാസന്‍ ഗില്ലസ്പിയുടെ പന്ത് ഓഫ് സ്റ്റംപിനു പുറത്തു കൂടെ വന്നപ്പോള്‍ അതു കളിക്കാന്‍ പറ്റില്ലെന്നു കണ്ട് സച്ചിന്‍ ബാറ്റ് ഉയര്‍ത്തി ലീവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് അദ്ദേഹത്തിന്റെ പാഡില്‍ തട്ടുന്നു. ബൗളറും സഹ ഓസീസ് ഫീല്‍ഡര്‍മാരും ശക്തമായി അപ്പീല്‍ ചെയ്തതോടെ സ്റ്റീവ് ബക്‌നര്‍ കൈയുയര്‍ത്തി ഔട്ട് വിധിച്ചു.
എന്നാല്‍ റീപ്ലേയില്‍ പന്ത് സ്റ്റംപില്‍ തട്ടാതെ ഓഫ് സ്റ്റംപിനു മുകളിലൂടെ പോകുമെന്നാണ് കണ്ടത്. അന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന ടോണി ക്രെയ്ഗ് തീരുമാനത്തെ 'ഭയാനകം' എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. അംപയറുടെ വിധി ചോദ്യം ചെയ്യാനുള്ള നിയമം അന്ന് വന്നിരുന്നില്ല. അതോടെ സച്ചിനു പുറത്തു പോകേണ്ടി വരികയും ചെയ്തു. 3 പന്തുകൾ നേരിട്ട് സച്ചിൻ പൂജ്യത്തിനു പുറത്തായി.
എന്നാല്‍ അതിനു ശേഷവും ബക്‌നര്‍ സച്ചിനെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ അബ്ദുല്‍ റസാഖിന്റെ പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടി ക്യാച്ചാണെന്ന ധാരണയില്‍ പാക് താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നു. ബക്‌നര്‍ ഔട്ടും നല്‍കുന്നു. ഏറെ നിരാശയോടെണ് ഈ ഘട്ടത്തിലും സച്ചിന്‍ കളം വിട്ടത്. റിപ്ലേയില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടിയില്ലെന്നു തെളിയുകയും ചെയ്തു. പിന്നീട് ഈ സംഭവത്തില്‍ സച്ചിന്‍ പറഞ്ഞ കമന്റും പ്രസിദ്ധമാണ്.
ഞാന്‍ ബാറ്റിങിനു ഇറങ്ങുമ്പോള്‍ അദ്ദേഹത്തിനു രണ്ട് ബോക്‌സിങ് ഗ്ലൗസുകള്‍ നല്‍കണം. അങ്ങനെയെങ്കിലും അദ്ദേഹം ഔട്ട് വിളിക്കാതിരിക്കുമല്ലോ- എന്നായിരുന്നു സച്ചിന്റെ കമന്റ്.
128 ടെസ്റ്റ് മത്സരങ്ങളും 181 ഏകദിന മത്സരങ്ങളും നിയന്ത്രിച്ച അംപയറാണ് ബക്‌നര്‍. അഞ്ച് ലോകകപ്പ് ഫൈനലുകളിലും അദ്ദേഹം കളി നിയന്ത്രിച്ചു. 20 വര്‍ഷം അംപയറായും മാച്ച് റഫറിയായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന ജമൈക്കക്കാരനായ ബക്‌നര്‍ 2009ലാണ് അംപയര്‍ കരിയര്‍ അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates