അര്‍ധ സെഞ്ച്വറി കടന്ന് രോഹിത്; ഇന്ത്യ മുന്നേറുന്നു

പാകിസ്ഥാന് എതിരായ ലോകകപ്പ് മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുന്നേറുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
2 min read

പാകിസ്ഥാന് എതിരായ ലോകകപ്പ് മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുന്നേറുന്നു. 16 ഓവര്‍ പിന്നിട്ടപ്പോള്‍, ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി തികച്ചു. 36 പന്തിലാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി. 

11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 18 പന്തില്‍ നിന്ന് 16 റണ്‍സുമായി കോഹ്‌ലിയും മടങ്ങി. ശ്രേയസ് അയ്യരാണ് രോഹിതിന് കൂട്ട്. 

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ് അയക്കുകയായിരുന്നു. 42.5 ഓവറില്‍ പാക് താരങ്ങള്‍ കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ,പാണ്ഡ്യ, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ടോപ്സ്‌കോറര്‍. അസം അര്‍ധ സെഞ്ച്വറി നേടി. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. 24 പന്തില്‍നിന്ന് 20 റണ്‍സാണ് ഷഫീഖ് നേടിയത്. 13ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടിച്ചാണ് ഇമാം ഉല്‍ ഹഖ് പുറത്തായത്. 38 പന്തില്‍ 36 റണ്‍സാണ് സമ്പാദ്യം.

ഇടയ്ക്ക് റിസ്വാനെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുത്തെങ്കിലും, ഡിആര്‍എസ് റിസ്വാനെ രക്ഷിച്ചു. ബാബറിനൊപ്പം ചേര്‍ന്ന് റിസ്വാന്‍ 19ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പാക് ഇന്നിങ്സില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ബാബര്‍ അസം 30ാം ഓവറില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. 58 പന്തില്‍ 50 റണ്‍സ് നേടിയ ബാബര്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. 7 ഫോര്‍ ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീല്‍ (10 പന്തില്‍ 6) കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖര്‍ അഹമ്മദും അതേ ഓവറില്‍ ബോള്‍ഡായി. ഒരു ഫോര്‍ മാത്രമാണ് താരത്തിന് നേടാനായത്.

49 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ തൊട്ടടുത്ത ഓവറില്‍ ബുമ്ര മടക്കി. 69 പന്തില്‍നിന്ന് 7 ഫോര്‍ ഉള്‍പ്പെടെയാണ് റിസ്വാന്‍ 49 റണ്‍സ് നേടിയത്. ഒരു ഓവറിന്റെ ഇടവേളയില്‍ മടങ്ങിയെത്തിയ ബുമ്ര ഷദാബ് ഖാനെ (5 പന്തില്‍ 2) ക്ലീന്‍ ബോള്‍ഡാക്കി. 4 റണ്‍സ് നേടിയ മുഹമ്മദ് നവാസിനെ ഹാര്‍ദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സുമായി ഹസന്‍ അലിയും മടങ്ങി. ജഡേജയ്ക്കായിരുന്നു ഇത്തവണ വിക്കറ്റ്. 11ാമനായി ഇറങ്ങിയ ഹാരിസ് റൗഫിനെ (6 പന്തില്‍ 2) ജഡേജ മടങ്ങിയതോടെ പാക് തിരശീല വീണു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com