കൊളംബോ: ഈ മാസം 13ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് പോരാട്ടത്തിന് ഭീഷണിയായി കോവിഡ്. ശ്രീലങ്കൻ ടീമിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സരങ്ങൾ നീട്ടാൻ സാധ്യത. ബാറ്റിങ് പരിശീലകൻ ഗ്രാൻഡ് ഫ്ലവർ, ഡാറ്റ അനലിസ്റ്റായ ജിടി നിരോഷൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പരമ്പര നീട്ടാനുള്ള ആലോചനകൾ.
രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചേക്കുമെന്ന സൂചനകൾ വരുന്നത്.
ഇതനുസരിച്ച് ഏകദിനങ്ങൾ ജൂലായ് 17, 19, 21 തീയതികളിലേക്കും ടി20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രാൻഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശ്രീലങ്കൻ ടീമിലെ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിരോഷന് രോഗം കണ്ടെത്തിയത്.
ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ലങ്കൻ താരങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. 48 മണിക്കൂറിനുള്ളിൽ തന്നെ ഗ്രാൻഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ക്വാറന്റൈനിൽ കഴിയവേ ലക്ഷണങ്ങൾ കണ്ടതോടെ ഫ്‌ളവർ പരിശോധന നടത്തി. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവായാൽ രണ്ടാം നിര ടീമിനെ ഇന്ത്യക്കെതിരെ കളിപ്പിക്കാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ആലോചന. അടുത്ത ചൊവ്വാഴ്ചയാണ് ഇന്ത്യശ്രീലങ്ക ആദ്യ ഏകദിനം നടക്കേണ്ടത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് പരമ്പര. ശിഖർ ധവാനാണ് ടീമിന്റെ നായകൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates