

ദുബൈ: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയോട് ദയനീയ പരാജയമാണ് പാകിസ്ഥാൻ വനിതകൾ ഏറ്റുവാങ്ങിയത്. 18.1 ഓവറിൽ അവർ വെറും 55 റൺസിന് ഓൾ ഔട്ടായി! ഇന്ത്യ വെറും 8.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 57 റൺസെടുത്ത് അനായാസം വിജയിക്കുകയും ചെയ്തു. എന്നാൽ പാക് പരിശീലകൻ വഹാബ് റിയാസിന്റെ കണ്ണിൽ ഈ ഏഷ്യാ കപ്പ് കളിക്കുന്ന ഏറ്റവും മികച്ച ടീം പാകിസ്ഥാൻ തന്നെയാണത്രേ! പാകിസ്ഥാൻ കിരീടം സ്വന്തമാക്കാൻ ശേഷിയുണ്ടെന്നും വഹാബ് റിയാസ് പറയുന്നു. പരിശീലകന്റെ കമന്റ് കേട്ട് ആരാധകർ പറയുന്നത് അദ്ദേഹം മറ്റേതോ ലോകത്തെ കുറിച്ചാണ് പറയുന്നത് എന്നാണ്.
ഇന്ത്യയുടെ യുവ സ്പിന്നർമാരായ ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവർക്ക് മുന്നിൽ പാക് ബാറ്റിങ് നിര അമ്പേ ചൂളിപ്പോയി. രണ്ട് താരങ്ങളൊഴികെ മറ്റാരും രണ്ടക്കം പോലും കണ്ടില്ല. പാക് ടീം പൂർണമായി നിസഹായരായി ക്രീസിൽ നിൽക്കുന്ന കാഴ്ചയായിരുന്നു. ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടി20 സ്കോറിനാണ് അവർ പുറത്തായത്. എന്നിട്ടും വഹാബ് റിയാസ് പറയുന്നത് കാര്യങ്ങളെല്ലാം തങ്ങൾക്ക് അനുകൂലമാണ് എന്നാണ്.
'ടീമിലെ എല്ലാവരും മികച്ച കളിക്കാരാണ്. അവർ സ്വന്തം കഴിവിൽ വിശ്വസിക്കുകയാണ് വേണ്ടത്. ഞങ്ങളുടെ അടുത്ത മത്സരം ഹോങ്കോങിനെതിരെയാണ്. ഇന്ത്യക്കെതിരായ പോരാട്ടത്തിൽ സംഭവിച്ച പിഴവുകൾ എന്തൊക്കെയാണെന്നു പരിശോധിച്ച് അതു തിരുത്തും. ഏഷ്യാ കപ്പിൽ കിരീടമുയർത്താൻ ഏറ്റവും യോഗ്യതയുള്ള ടീം പാകിസ്ഥാനാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാണ്.'
അതേസമയം പാക് ക്യാപ്റ്റൻ സന മിറും കോച്ച് വഹാബ് റിയാസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യം പുകയുന്നത്. ടീമിൽ വലിയ തോതിൽ അഴിച്ചുപണി നടത്തിയതാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്. ഇതിനെ സന ചോദ്യം ചെയ്തു. ഏഴ് താരങ്ങളെയാണ് പാക് ടീം ടൂർണമെന്റിനു മുന്നോടിയായി ഒഴിവാക്കിയത്. ഭാവി മുന്നിൽ കണ്ടാണ് തീരുമാനം എന്നാണ് വഹാബ് റിയാസ് പറയുന്നത്.
'സനയ്ക്ക് അവരുടേതായ അഭിപ്രായമുണ്ടാകും. അക്കാര്യത്തിൽ എനിക്ക് പങ്കില്ല. ഭാവിയെ മുൻനിർത്തിയാണ് ഞങ്ങൾ മാറ്റങ്ങൾ വരുത്തിയത്. മുൻപ് കളിച്ച പലരും ലോകകപ്പും ഏഷ്യാ കപ്പും കളിച്ചവരൊക്കെയാണ്. എന്നാൽ ഫലമുണ്ടായിരുന്നില്ല. അതിനാൽ വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി പുതിയ പെൺകുട്ടികളെ ടീമിലേക്ക് കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. ആരെയാണ് പുറത്താക്കിയത് എന്നതിൽ കാര്യമില്ല. യാഥാർഥ്യമാണ് നോക്കേണ്ടത്. ഒഴിവാക്കപ്പെട്ട മിക്ക താരങ്ങളും മികച്ച പ്രകടനമല്ല പുറത്തെടുത്തത്. അവർക്ക് ടീമിൽ തുടരാൻ അർഹതയുണ്ടായിരുന്നില്ല'- വഹാബ് വ്യക്തമാക്കി.
ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ പാക് ടീം തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് കോച്ചിന്റെ പ്രസ്താവന. അതെല്ലാം മറച്ചുപിടിച്ച് ശുഭാപ്തിവിശ്വാസം കണ്ടെത്താനാണ് പാക് ടീം ശ്രമിക്കുന്നത്. നിലവിൽ 2 പോയിന്റ് മാത്രമാണ് പാകിസ്ഥാനുള്ളത്. സെമി കാണാൻ ഹോങ്കോങിനെതിരായ അടുത്ത മത്സരത്തിൽ അവർക്ക് ജയം അനിവാര്യവുമാണ്.
ഇന്ത്യക്കെതിരായ പോരാട്ടത്തിൽ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകർന്നടിയുന്ന കാഴ്ചയായിരുന്നു. മുനീബ അലിയെ പുറത്താക്കി ഇന്ത്യയുടെ ഷെഫാലി വർമയാണ് പാക് തകർച്ചയ്ക്ക് തുടക്കമിട്ടത്. 13 റൺസാണ് മുനീബ എടുത്തത്. പിന്നാലെ ആറാം ഓവറിൽ ശ്രീ ചരണി അവർക്ക് ഇരട്ട പ്രഹരം നൽകി. ഷവാൽ സുൽഫിഗർ (14), ഗുൽ ഫെറോസ എന്നിവരെ ചരണി മടക്കി. മുനീബയും ഷവാലും മാത്രമാണ് രണ്ടക്കം കണ്ടത്. 29 റൺസിനിടെ പാകിസ്ഥാന് 3 വിക്കറ്റുകൾ നഷ്ടമായി. പിന്നീട് കൂട്ടത്തകർച്ചയാണ് ഗ്രൗണ്ടിൽ കണ്ടത്.
എട്ടാം ഓവറിൽ 4ന് 32 എന്ന നിലയിലേക്കും 13ാം ഓവറിൽ 7ന് 45 റൺസ് എന്ന നിലയിലേക്കും അവർ വീണു. ചരണി 7 റൺസ് വഴങ്ങി 3 വിക്കറ്റും പ്രേമ റാവത്ത് 9 റൺസ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. ദീപ്തി ശർമ 5 റൺസ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കിയതോടെ പാക് പോരാട്ടം 18.1 ഓവറിൽ 55 റൺസിൽ അവസാനിച്ചു.
അന്താരാഷ്ട്ര ടി20യിൽ അവരുടെ ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. 2012ലെ ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യക്കെതിരെ തന്നെ നേടിയ 63 റൺസായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും ചെറിയ ടീം ടോട്ടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates