ജയിക്കാന്‍ വേണ്ടത് 353 റണ്‍സ്;  ഓസിസിനായി നാലുപേര്‍ അര്‍ധ സെഞ്ച്വറി നേടി; ബുമ്രയ്ക്ക് മൂന്ന് വിക്കറ്റ്

ഓസ്‌ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
ഓസിസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര
ഓസിസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര
Updated on: 
2 min read

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കം കുറിച്ചത്. 34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ആറ് തവണ സിക്സര്‍ പറത്തിയ വാര്‍ണര്‍ നാലുതവണ ബൗണ്ടറി പായിക്കുകയും ചെയ്തു. തകര്‍ത്തടിച്ച വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. വാര്‍ണറുടെ കൂട്ടായി എത്തിയ മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ അടിതുടങ്ങിയതോടെയാണ് ഓസ്ട്രേലിയന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നത്. 84 പന്തുകളില്‍ നിന്ന് 96 റണ്‍സ് നേടിയ മാര്‍ഷ് സെഞ്ച്വറിക്കടുത്തെത്തി നില്‍ക്കെയാണ് പുറത്തായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ഇതിനിടെ മൂന്ന് തവണ സിക്സര്‍ പറത്തിയ മാര്‍ഷ് പതിമൂന്ന് ഫോറുകളും അടിച്ചു.

വാര്‍ണര്‍ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ഉജ്ജ്വല ഫോമിലായിരുന്നു. മത്സരത്തില്‍ സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.  61 പന്തില്‍ 74 റണ്‍സെടുത്ത സ്മിത്തിനെ വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. പിന്നാലെ അലക്‌സ് ക്യാരിയെ(11)യും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും(5) ബുമ്ര വീഴ്ത്തിയതോടെ 400 കടക്കാമെന്ന ഓസീസ് പ്രതീക്ഷ മങ്ങി. 43-ാം ഓവറില്‍ 300 കടന്ന ഓസീസ് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായില്ല. 

അവസാന ഏഴോവറില്‍ 50 റണ്‍സ് നേടിയ ഓസീസിനായി മാര്‍നസ് ലാബുഷെയ്ന്‍(58 പന്തില്‍ 72) ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്കായി ബുമ്ര 10 ഓവറില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 6 ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആദ്യ അഞ്ചോവറില്‍ ബുമ്ര 51 റണ്‍സ് വഴങ്ങിയപ്പോള്‍ അവസാന അഞ്ചോേവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

അഞ്ച് മാറ്റങ്ങളുമായാണ് ഓസിസ് ടീം ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ് ലി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണഓസ്ട്രേലിയ പ്ലേയിങ് ഇലവന്‍ മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, അലക്സ് കാരി, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, തന്‍വീര്‍ സങ്ക, ജോഷ് ഹെയ്സല്‍വുഡ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com