

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ നാലാംദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ട്. 157.1 ഓവറില്‍ 669 റണ്‍സാണ് ആതിഥേയര്‍ നേടിയത്. 311 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ലീഡ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ക്രിസ് വോക്‌സ് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. റണ്‍സ് ഒന്നുമെടുക്കാതെ ജയ്‌സ്വാളും സായ് സുദര്‍ശനും കൂടാരം കയറി. ജയ്‌സ്വാളിനെ ജോ റൂട്ടിന്റെ കൈകളിലേക്കും സുദര്‍ശനെ ഹാരി ബ്രൂക്കിന്റെ കൈകളിലേക്കും നല്‍കിയാണ് വോക്‌സ് രണ്ടാം ഇന്നിങ്‌സിലെ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് എന്ന നിലയിലാണ്.
ജോ റൂട്ടിന്റെയും(150) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും (141) സെഞ്ചുറികളും ഓപ്പണര്‍മാരായ സാക്ക് ക്രൗളി (84), ബെന്‍ ഡക്കറ്റ് (94), ഒലീ പോപ്പ് (71) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്. സ്റ്റോക്‌സ് നേരത്തേ അഞ്ച് വിക്കറ്റുകളും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു.
നാലാം ദിനത്തില്‍ ലിയാം ഡോസനെ മടക്കി ബുറയാണ് ആദ്യവിക്കറ്റഅ നേടിയത്. പിന്നാലെ അവശേഷിച്ച രണ്ട് വിക്കറ്റുകള്‍ മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും നേടി. ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടണ്‍ സുന്ദര്‍, ബുംറ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റതാരം അന്‍ഷുല്‍ കംബോജിനും സിറാജിനും ഓരോ വിക്കറ്റ്.
റെക്കോര്‍ഡുകള്‍ പലത് കടപുഴക്കിയുള്ള ജോ റൂട്ടിന്റെ സെഞ്ച്വറി ഇന്നിങ്‌സായിരുന്നു മൂന്നാംദിവസത്തെ ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ഹൈലൈറ്റ്. 248 പന്തുകളില്‍ 150 റണ്‍സാണ് താരം നേടിയത്. നാലാംദിനം ക്യാപ്റ്റന്‍ സ്റ്റോക്‌സും സെഞ്ച്വറിയുമായി നിറഞ്ഞാടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. ഇതോടെ ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ചുവിക്കറ്റും നേടുന്ന താരമായി സ്റ്റോക്‌സ് മാറി. സെഞ്ച്വറിക്കു ശേഷം സ്‌കോര്‍വേഗം കൂട്ടിയ സ്റ്റോക്‌സ് ഒന്‍പതാമതാണ് മടങ്ങിയത്.നേരത്തേ ആദ്യ ഇന്നിങ്സില്‍ 114.1 ഓവറില്‍ ഇന്ത്യ 358 റണ്‍സിന് പുറത്തായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates