

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്ന സ്ഥിതിയാണ് നിലവിൽ. എന്നാൽ രണ്ടാം ദിനത്തിൽ പരിക്ക് വക വയ്ക്കാതെ പന്ത് ബാറ്റിങിനു ഇറങ്ങി. ആരാധകർ നീണ്ട കൈയടികളോടെയാണ് പന്തിനെ ക്രീസിലേക്ക് നയിച്ചത്. താരത്തിന്റെ പോരാട്ട വീര്യത്തെ മുൻ ഇന്ത്യൻ താരങ്ങളും അഭിനന്ദിക്കുന്നു.
രവി ശാസ്ത്രി, ദിനേശ് കാർത്തിക്, ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ള താരങ്ങൾ പന്തിനെ അഭിനന്ദിക്കുന്നു. ഹീറോകളായി മാറുന്ന അപൂർവ സന്ദർങ്ങളാണിതെല്ലാമെന്നും മുൻ താരങ്ങൾ. മത്സരത്തിൽ 75 പന്തിൽ 54 റൺസാണ് പന്ത് സ്വന്തമാക്കിയത്.
'നിങ്ങളുടെ വിരൽ എങ്ങനെയുണ്ടെന്നു ടെസ്റ്റിന് മുമ്പ് ഞാൻ പന്തിനോടു ചോദിച്ചിരുന്നു. കളിക്കുമോ എന്നും ചോദിച്ചു. വിരലൊടിഞ്ഞാലും കളിക്കുമെന്ന മറുപടിയാണ് എനിക്കു നൽകിയത്. അദ്ദേഹത്തിന്റെ ആ തീരുമാനം ടീമിനു വേണ്ടിയാണ്. അത്തരം നിമിഷങ്ങൾ പ്രചോദിപ്പിക്കുന്നതാണ്.'
'അദ്ദേഹം ക്രീസിലേക്ക് വന്നപ്പോഴും തിരികെ മടങ്ങിയപ്പോഴും സ്റ്റേഡിയത്തിൽ ഉയർന്ന കൈയടി. ഇംഗ്ലണ്ട് ടീമിലെ എല്ലാവരും കൈയടിക്കുന്നുണ്ടായിരുന്നു. അത്തരം നിമിഷങ്ങളാണ് താരങ്ങളെ സംബന്ധിച്ച് മുതൽക്കൂട്ട്. അതാണി ഹീറോയിസം. അദ്ദേഹം എന്താണ് ചെയ്തതെന്നു ആ കൈയടികൾ പറയും. അദ്ദേഹം ടെസ്റ്റ് ഇഷ്ടപ്പെടുന്ന താരമാണ്. രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്ന താരം. പന്ത് ടീം മാനല്ല എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ അവർക്ക് അത് നേരിട്ട് കാണാനുള്ള അവസരമായിരുന്നു ഇത്'- ശാസ്ത്രി വ്യക്തമാക്കി.
'ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇംഗ്ലീഷ് മണ്ണ് ഋഷഭ് പന്തിന് വളരെയധികം ഇഷ്ടമാണ്. അദ്ദേഹം 16, 18 റൺസ് നേടുന്നതു തന്നെ പ്രചോദിപ്പിക്കുന്നതാണ്. മത്സരത്തിൽ മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്ന താരമാണ് പന്ത്. പരമ്പര ജയിക്കാനുള്ള അദമ്യമായ ആഗ്രഹമുള്ള താരം'- ദിനേശ് കാർത്തിക്.
'ദുഷ്കരമായ ഘട്ടങ്ങളിൽ ഉയർന്നു വരാൻ കെൽപ്പുള്ള പന്തിനപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം. വളരെ വേദന അനുഭവിച്ചിട്ടും തിരിച്ചു വന്ന് ബാറ്റ് ചെയ്യാനുള്ള ആർജവം പന്ത് കാണിച്ചു. രാജ്യത്തിനായി ഇത്തരത്തിൽ പോരാടാനുള്ള സന്നദ്ധത എല്ലാവരും പ്രകടിപ്പിച്ചു എന്നു വരില്ല'- പൂജാര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
