

ഇസ്ലാമബാദ്: ഏഷ്യാ കപ്പിൽ പാകിസ്ഥാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്നു പാക് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ അക്വിബ് ജാവേദ്. ഇന്ത്യയടക്കം ഏത് ടീമിനേയും തോൽപ്പിക്കാനുള്ള കരുത്ത് ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത 17 അംഗ സംഘത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ തഴഞ്ഞുള്ള പാക് ടീം പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അതിനിടെയാണ് അക്വിബ് ജാവേദിന്റെ അവകാശവാദം. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എല്ലാ കാലത്തും ഇന്ത്യ- പാക് പോരാട്ടം കടുത്തതാണ്. ഈ ടീമിനെ ഇന്ത്യയടക്കം ഏത് ടീമിനേയും വിഴ്ത്താൻ കെൽപ്പുണ്ട്. അനാവശ്യ സമ്മർദ്ദം ടീമിനു നൽകാതിരുന്നാൽ മതി. ഈ ടീമിൽ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്.'
ബാബറിനെ പോലെയുള്ള മുതിർന്ന താരങ്ങളെ നിർണായക താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
'മുതിർന്നവർക്കടക്കം എല്ലാവർക്കും അവസരം ഉണ്ട്. ആരാണോ മികവ് കാണിക്കുന്നത് അവർ കളിക്കും. പ്രകടനം നടത്തുന്നവർക്കു മാത്രമേ ടീമിൽ കളിക്കാൻ അർഹതയുള്ളു. ബാബർ അസം ടി20യിൽ മെച്ചപ്പെടാനുണ്ട്. അദ്ദേഹത്തിനു അവസരങ്ങൾ ഇനിയും കിട്ടും. സ്പിന്നിനെ നേരിടുന്നതിലും സ്ട്രൈക്ക് റേറ്റിലും ചില മെച്ചപ്പെടലുകൾ അദ്ദേഹത്തിനു ആവശ്യമുണ്ട്. അദ്ദേഹം കഠിന പരിശീലനത്തിലുമാണ്'- അക്വിബ് ജാവേദ് വിശദീകരിച്ചു.
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ തഴഞ്ഞാണ് 17 അംഗ ടീമിനെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിനു മുന്നോടിയായി യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഈ ടീമിനെ തന്നെയാണ് പാകിസ്ഥാന്‍ ഇറക്കുന്നത്.
ആഘ സല്‍മാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഫഹീം അഷ്‌റഫ്, യുവ താരങ്ങളായ സയം അയൂബ്, ഹസന്‍ നവാസ്, മുഹമ്മദ് ഹാരിസ് അടക്കമുള്ളവരുണ്ട്. യുവ താരങ്ങള്‍ക്ക് വലിയ വേദിയില്‍ അവസരമൊരുക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
സമീപ കാലത്ത് പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ പാക് പ്രകടനം ദയനീയമാണ്. ബാബറും റിസ്വാനും ഉള്‍പ്പെട്ട സംഘം സമീപ കാലത്താണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തോറ്റത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിന്‍ഡീസ് പാകിസ്ഥാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയത്. ഈ നാണക്കേടിനു പിന്നാലെയാണ് മുതിര്‍ന്ന രണ്ട് താരങ്ങളെ ടീം ഒഴിവാക്കി ഏഷ്യാ കപ്പിനു പുതുമുഖങ്ങളെ ഇറക്കാന്‍ തീരുമാനിച്ചത്.
ഏഷ്യാ കപ്പ് ടി20, യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പോരാട്ടങ്ങള്‍ക്കാണ് 17 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യുഎഇ ടീമുകളാണ് ത്രിരാഷ്ട്ര പരമ്പരയില്‍ മാറ്റുരയ്ക്കുന്നത്. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര.
സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ അബുദാബി, ദുബൈ എന്നീ വേദികളിലായാണ് എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പ് പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍. ഒമാന്‍, യുഎഇ എന്നിവയാണ് ഗ്രൂപ്പിലെ ശേഷിച്ച ടീമുകള്‍. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates