അവസാന നാലുബാറ്റര്‍മാര്‍ പൂജ്യത്തിന് മടങ്ങി; പേസിന് മുന്നില്‍ കിതച്ച് ഇന്ത്യയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 98 റണ്‍സ് ലീഡ് 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്
കോഹ് ലിയുടെ ബാറ്റിങ്, പിടിഐ
കോഹ് ലിയുടെ ബാറ്റിങ്, പിടിഐ
Updated on: 
1 min read

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി എന്നിവര്‍ക്ക് മാത്രമാണ് രണ്ടടക്കം കടക്കാന്‍ സാധിച്ചത്. രോഹിത് ശര്‍മ 39 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ അരശതകത്തിന് നാലുറണ്‍സ് അകലെ വച്ച് വിരാട് കോഹ് ലിയും വീണു. തുടര്‍ന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്. അവസാന നാലുബാറ്റര്‍മാര്‍ക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല.

 തുടക്കത്തില്‍ തന്നെ യശ്വസി ജെയ്‌സ്വാളിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ടീമിനെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ ഇതിന് അധിക ആയുസ് ഉണ്ടായില്ല. ടീം സ്‌കോര്‍ 72ല്‍ വച്ചാണ് രോഹിത് മടങ്ങിയത്. എട്ടാമത്തെ വിക്കറ്റ് ആയാണ് കോഹ് ലി പുറത്തായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പകച്ചുനില്‍ക്കുന്നതാണ് കണ്ടത്. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊയ്ത് കൊണ്ടാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നി മുന്‍നിര ബാറ്റര്‍മാരാണ് കളി തുടങ്ങി മിനിറ്റുകള്‍ക്കകം കൂടാരം കയറിയത്. മറ്റു പേസര്‍മാരായ മുകേഷ് കുമാറും ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി. 

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റാണ് ഇത്. പരിക്കേറ്റ ടെംബ ബാബുമയ്ക്ക് പകരം ടീമില്‍ ഇടംനേടിയ ട്രിസ്റ്റന്‍ സ്റ്റംബസിനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബുമ്രയ്ക്കാണ് വിക്കറ്റ്.  ഡേവിങ് ബെഡിങ്ഹാം അടക്കം രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഡേവിഡ് ബെഡിങ്ഹാം 12 റണ്‍സാണ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com