

ഗാലെ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. സെഞ്ച്വറിയുമായി കളംനിറഞ്ഞ ദേവ്ദത്ത് പടിക്കലിന്റെ കരുത്തില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. ഒന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 77 റണ്‍സ് നേടിയ രാഹുല്‍, പരിക്കേറ്റതോടെ ബാറ്റിങ് തുടരാനാകാതെ ക്രീസ് വിട്ടു. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ (16) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സെഞ്ച്വറി നേടിയ ദേവ്ദത്തിനൊപ്പം (131*) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് (27*) ക്രീസിലുള്ളത്.
മത്സരത്തിനിടെ അല്‍പ്പ സമയം വില്ലനായി മഴയെത്തി. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങിയത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates