ആരാധകരേ... വരുന്നു... 'ഇന്ത്യ- ബ്രസീൽ' ഫുട്ബോൾ പോരാട്ടം!

സ്വപ്ന പോരാട്ടത്തിനു കളമൊരുങ്ങുന്നത് കൊൽക്കത്തയിൽ
Indian football team, Brazil football team
Brazil, Indian football teamx
Updated on
2 min read

കൊൽക്കത്ത: ആരാധകർക്കായി ഒരു അപൂർവ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ഒക്ടോബർ 3ന് കൊൽക്കത്തയിൽ വച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നേരിടുമെന്നു റിപ്പോർട്ടുകൾ. ബ്രസീൽ മാധ്യമമായ 'ജിഇ ​ഗ്ലോബോ' പറയുന്നതനുസരിച്ച് ബ്രസീൽ തങ്ങളുടെ 2026ലെ ഷെഡ്യൂൾ പൂർത്തിയാക്കുന്നത് ഓസ്ട്രേലിയയിൽ രണ്ടും ഇന്ത്യയിൽ ഒരു സൗഹൃദ മത്സരവും കളിച്ചായിരിക്കുമെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബർ 25നും 29നും ഓസ്ട്രേലിയക്കെതിരെ ബ്രസീൽ ടൗൺസ്‍വില്ലിലും ബ്രിസ്ബെയ്നിലും സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതാണ്. എന്നാൽ ഒക്ടോബറിലെ ഫിഫ വിൻഡോയിൽ ബ്രസീലിന്റെ മൂന്നാം പോരാട്ടം കൊൽക്കത്തയിൽ വച്ച് ഇന്ത്യക്കെതിരെ ആയിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ പോരാട്ടം ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും മികച്ച പോരാട്ടമായി അതു മാറുമെന്നു ഉറപ്പ്. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചു അന്താരാഷ്ട്ര ഫുട്ബോളിലെ വൻ ശക്തികൾക്കെതിരായ പോരാട്ടം തങ്ങളുടെ മികവ് അളക്കാനുള്ള അപൂർവ അവസരമാണ്. സെലക്കാവോകളുടെ കളി നേരിട്ട് കാണാൻ കൊൽക്കത്തയിൽ ആരാധകർക്ക് അവസരം ഒരുങ്ങുക കൂടിയാണ് മത്സരം നടന്നാൽ സംഭവിക്കുക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രസീൽ ടീമിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ കൊൽക്കത്തയിൽ ഒരു സൗഹൃദ മത്സരം കളിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണെന്നു വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കൊൽക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. അന്ന് പക്ഷേ എതിരാളികൾ ആരാ​യിരിക്കുമെന്നു വ്യക്തത വന്നിരുന്നില്ല. എന്നാൽ ഇന്ത്യ തന്നെയാണ് എതിരാളികൾ എന്നും ഒക്ടോബർ 3നാണ് പോരാട്ടമെന്നും ജിഇ ​ഗ്ലോബോ പറയുന്നു.

ഇക്കഴിഞ്ഞ ലോകകപ്പിൽ കൊൽക്കത്തയിൽ നിന്നു ബ്രസീൽ ടീമിനു കിട്ടിയ അഭൂതപൂർവമായ പിന്തുണയാണ് കൊൽക്കത്തയിൽ കളിക്കാനുള്ള തീരുമാനത്തിലേക്ക് കോൺഫെഡറേഷൻ എത്താൻ കാരണം. ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജേഴ്സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യൻ ആരാധകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊൽക്കത്ത ന​ഗരത്തിലെമ്പാടുമുള്ള ​ഗലികളിൽ ബ്രസീലിന്റെ മത്സരങ്ങൾ വലിയ ആഘോഷമായി മാറിയതും അവരുടെ ശ്രദ്ധയിൽ വന്നു.

ദേശീയ ടീമുകൾക്ക് 16 ദിവസത്തിനിടെ 4 മത്സരങ്ങൾ വരെ കളിക്കാൻ അനുമതി നൽകുന്ന ഫിഫയുടെ പുതിയ സൂപ്പർ ഫിഫ വിൻഡോ കലണ്ടറിന്റെ ഭാ​ഗമായിട്ടാണ് കൊൽക്കത്തയിലെ മത്സരം. 2027ൽ സ്വന്തം നാട്ടിൽ കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കാനും സമീപകാലത്ത് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാത്ത ബ്രസീലിയൻ ന​ഗരങ്ങളിലേക്ക് ദേശീയ ടീമിന്റെ മത്സരങ്ങൾ എത്തിക്കാനും സിബിഎഫ് പദ്ധതിയുണ്ട്.

പതിറ്റാണ്ടുകളായി ഇന്ത്യൻ ഫുട്ബോളിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ന​ഗരമാണ് കൊൽക്കത്ത. ഇക്കഴിഞ്ഞ ലോകകപ്പും അതിന്റെ തെളിവായിരുന്നു. ലോകകപ്പ് സമയത്ത് ന​ഗരത്തിന്റെ വലിയൊരു പ്രദേശം മുഴുവൻ ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞയും പച്ചയും നിറങ്ങളിൽ മുങ്ങിക്കുളിച്ചിരുന്നു. വടക്കൻ കൊൽക്കത്തയിലെ ചുമരുകളിൽ നെയ്മറിന്റേയും വിനീഷ്യസ് ജൂനിയറിന്റേയുമൊക്കെ ചിത്രങ്ങൾ നിറഞ്ഞു. ബൃഹത്തായ ഫുട്ബോൾ സംസ്കാരത്തിനു പേരുകേട്ട തെരുവുകളിൽ താരങ്ങളുടെ ഭീമൻ കട്ടൗട്ടുകളും വർണാഭമായ സ്ട്രീറ്റ് ആർട്ടുകൾ ഇടംപിടിച്ചു.

കൊൽക്കത്തയിലെ ബെനിയാറ്റോല പ്രദേശത്തെ പ്രസിദ്ധമായ ഫിഫ ​ഗല്ലിയായിരുന്നു ലോകകപ്പ് സമയത്തെ പ്രധാന ആകർഷണം. അവിടുത്തുകാർ ഒരു തെരുവ് മുഴുവൻ ലോകകപ്പ് അലങ്കാരങ്ങളാലും വിവിധ രാജ്യങ്ങളുടെ കൊടികളാലും കളിക്കാരുടെ ചിത്രങ്ങളാലും നിറച്ചു. 2014ലെ ലോകകപ്പ് സമയത്ത് പത്രവാർത്തകളുടെ കട്ടിങുകളാൽ ചുമരുകൾ നിറച്ച് തുടക്കമിട്ട ആശയം ഇന്ന് കൊൽക്കത്തയിലെ ഏറ്റവും വലിയ ഫുട്ബോൾ അടയാളമായി മാറിയിരിക്കുന്നു. നാട്ടുകാർ ഒത്തൊരുമിച്ചാണ് ഈയൊരു തെരുവ് നിർമിച്ചത്. ഫുട്ബോളിനോടുള്ള കൊൽക്കത്ത ന​ഗരത്തിന്റെ അറ്റമില്ലാത്ത സ്നോഹത്തിന്റെ പ്രതീകം കൂടിയാണ് ഇന്ന് ഫിഫ ​ഗല്ലി.

മോഹൻ ബ​ഗാൻ, ഈസ്റ്റ് ബം​ഗാൾ, മുഹമ്മദൻ സ്പോർടിങ് അടക്കമുള്ള ക്ലബുകളുള്ള, ചരിത്രം ഏറെയുള്ള, നൂറ്റാണ്ട് പഴക്കമുള്ള ഫുട്ബോൾ പാരമ്പര്യത്തിന്റെ നിറയെ കഥകൾ കൊൽക്കത്തയ്ക്ക് പറയാനുണ്ട്. ഇന്ത്യ ഇതുവരെ ലോകകപ്പ് യോ​ഗ്യത നേടിയിട്ടില്ലെങ്കിലും അർജന്റീന, ബ്രസീൽ അടക്കമുള്ള പ്രബല ടീമുകളെ സ്വന്തം ടീമായി കണ്ട് പിന്തുണയ്ക്കുന്ന തലമുറകൾ കൈമാറിയ ആരാധനയുടെ ചരിത്രവും കൊൽക്കത്തയ്ക്ക് പറയാനുണ്ട്. ആരാധകരുടെ ഈ ആവേശമാണ് ബ്രസീലും ലക്ഷ്യമിടുന്നത്.

എന്തായാലും ഇന്ത്യ- ബ്രസീൽ പോരാട്ടം യാഥാർഥ്യമാകുകയാണെങ്കിൽ പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കാം. മത്സരം നടന്ന ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാത്രികൾക്കൊന്നിനായിരിക്കും കൊൽക്കത്ത ന​ഗരം സാക്ഷിയാകാൻ പോകുന്നത്.

Indian football team, Brazil football team
'വൈഭവ് സൂര്യവംശി വൈസ് ക്യാപ്റ്റനോ...? അതും റെഡ് ബോൾ ക്രിക്കറ്റിൽ!'
Indian football team, Brazil football team
ദ്രാവിഡ് അല്ല, സ്റ്റീഫൻ ഫ്ലെമിങ്! ഇനി തന്ത്രമോതും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനായി...
Indian football team, Brazil football team
ഏത് ബൗളറെയാണ് പേടി? വൈഭവിന്റെ 'ക്ലാസ്' മറുപടി!
Summary

The Indian football team could be set for a blockbuster friendly against five-time world champions Brazil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com