

മുംബൈ: ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയ തിരഞ്ഞെടുത്തതിനെതിരെ കടുത്ത പ്രതിഷേധം. ആരാധകരും ക്രിക്കറ്റ് പണ്ഡിതരും അടക്കമുള്ളവർ തീരുമാനത്തെ ചോദ്യം ചെയ്യുന്നു. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു പ്രസിദ്ധ കമന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹർഷ ഭോഗ്ലെ ചോദിച്ചു.
വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ റെഡ് ബോൾ ക്രിക്കറ്റിലേക്ക് ഉൾപ്പെടുത്തിയത്. മൂന്ന് ഫോർമാറ്റിലും താരത്തെ മികച്ച രീതിയിൽ വാർത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാകണം 15കാരനെ ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് താരം ദുലീപ് ട്രോഫി കളിക്കാനൊരുങ്ങുന്നത്. മാത്രമല്ല ബിഹാറിൽ നിന്നു ഈസ്റ്റ് സോൺ ടീമിലെത്തിയ ഏക താരവും വൈഭവാണ്. ഇന്ത്യൻ താരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോൺ ടീമിന്റെ നായകൻ.
ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ ആറ് വരെയാണ് ദുലീപ് ട്രോഫി. ആദ്യ മത്സരത്തിൽ ഈസ്റ്റ് സോൺ ഓഗസ്റ്റ് 23 മുതൽ 26വരെ നോർത്ത് സോണിനെയാണ് നേരിടാനൊരുങ്ങുന്നത്.
പിന്നാലെയാണ് താരത്തെ ഇത്ര ചെറു പ്രായത്തിൽ തന്നെ ഒരു സീനിയർ ടീമിനെ വൈസ് ക്യാപ്റ്റനാക്കിയത് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുണ്ടാക്കിയത്. ഇതിനെതിരെയാണ് ഹർഷ ഭോഗ്ലെ എക്സിൽ വിമർശനം തുറന്നെഴുതിയത്. റെഡ് ബോൾ ക്രിക്കറ്റിൽ വൈഭവ് തുടക്കാക്കാരൻ മാത്രമാണെന്നും ഇതിനു പിന്നിലെ ചിന്ത എന്താണെന്നും ഭോഗ്ലെ ചോദിക്കുന്നു.
'ഒരു സീനിയർ റെഡ് ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യവംശിയെ തിരഞ്ഞെടുക്കുന്നതിനു പിന്നിലെ ചിന്ത എന്താണെന്നു എനിക്ക് മനസിലാകുന്നില്ല. 12 ഇന്നിങ്സുകളിൽ നിന്നു 17.25 ശരാശരിയിൽ 207 റൺസ് മാത്രമാണ് അവൻ നേടിയിട്ടുള്ളത്. അവന്റെ കഴിവ് അസാധാരണം തന്നെയാണ്. എന്നാൽ പഠിച്ചെടുക്കേണ്ട വഴിയായ റെഡ് ബോൾ ക്രിക്കറ്റിൽ അവൻ തുടക്കക്കാരൻ മാത്രമാണ്'- ഹർഷ ഭോഗ്ലെ എക്സിൽ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കി.
മോശം റെക്കോർഡ്
ഐപിഎല്ലില്‍ കത്തും ഫോമില്‍ കളിച്ച് ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് താരത്തെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. തുടക്കം നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം സമാപിച്ച സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ താരം രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടിച്ചെടുത്ത് ശ്രദ്ധേയ റെക്കോര്‍ഡുകള്‍ നേടിയിരുന്നു. 50, 81 റണ്‍സുകളാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്. അവസാന കളിയില്‍ മാന്‍ ഓഫ് ദി മാച്ചും പിന്നാലെ മാന്‍ ഓഫ് ദി സീരിസുമായി 15കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ വൈഭവിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ പെർഫോമൻസ് മോശമാണ്. പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ദൈർഘ്യമേറിയ റെഡ് ബോൾ ഫോർമാറ്റിൽ ആ മികവ് ആവർത്തിച്ചിട്ടില്ല. ഇതുവരെ 8 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 12 ഇന്നിങ്സുകളിൽ നിന്നു വെറും 17.25 ശരാശരിയിൽ 207 റൺസ് മാത്രമാണ് നേടിയത്. ഇക്കാര്യമാണ് ഭോഗ്ലെ ചൂണ്ടിക്കാട്ടിയത്. ഈയൊരു മോശം റെക്കോർഡ് നിൽക്കുന്ന താരത്തെയാണ് വൈസ് ക്യാപ്റ്റനായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഭോഗ്ലെയുടെ ഈ അഭിപ്രായത്തോടെ ആരാധകരും യോജിക്കുന്നു. ഇന്നത്തെ കാലത്ത് ഭൂരിഭാഗം തീരുമാനങ്ങളും ഇന്ത്യൻ ടീമിൽ നടപ്പാക്കപ്പെടുന്നത് സമൂഹ മാധ്യമങ്ങളിലെ ഹൈപ്പിനെ അടിസ്ഥാനമാക്കിയാണ്. ക്യാപ്റ്റൻസി പോലുള്ള പ്രധാനപ്പെട്ട ഒരു തീരുമാനങ്ങൾ ഇത്തരത്തിൽ സ്വാധീനിക്കപ്പെടുന്നത് തികച്ചും തെറ്റായ അളവുകോലാണ്. ഒരു ആരാധകൻ കുറിച്ചു.
വൈഭവ് സൂര്യവംശിക്ക് ഇപ്പോൾ നായക സ്ഥാനത്തേക്ക് കൊണ്ടുവരേണ്ട ഒരു കാര്യവുമില്ല. മാനേജ്മെന്റിന്റെ ഈ തീരുമാനം തീർത്തും തെറ്റാണ്. മറ്റൊരാൾ കുറിച്ചു. വെറ്ററൻ താരങ്ങളായ മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ അടക്കമുള്ള താരങ്ങൾ ഈസ്റ്റ് സോൺ ടീമിലുണ്ട്. അവരെയെല്ലാം മറികടന്നാണ് വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത്. ഇതാണ് ആരാധകർ ചോദ്യ മുനയിൽ നിർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates