

ചെന്നൈ: ഐപിഎല്ലിലെ ഈ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോനിയുടെ അവസാന പോരാട്ടമായിരിക്കുമെന്നു ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സീസണില്‍ പക്ഷേ ഒരു മത്സരം പോലും ധോനി കളിച്ചില്ല. പരിക്കാണ് കാരണമായി പറഞ്ഞത്. ഇന്നലെ സീസണിലെ അവസാന ഹോം പോരാട്ടം ചെന്നൈ സസണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ചപ്പോള്‍ ടീമിനൊപ്പം ധോനിയുമുണ്ടായിരുന്നു. അദ്ദേഹം പക്ഷേ കളിച്ചില്ല. ചെന്നൈ ജേഴ്‌സിയില്‍ ധോനി അവസാന ഹോം പോരാട്ടത്തിനു ഇറങ്ങുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതും സംഭവിച്ചില്ല.
ഹൈദരാബാദിനോടു പരാജയപ്പെട്ടതോടെ ഈ സീസണിലെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇനി ഒരു മത്സരം മാത്രമാണ് ടീമിനു അവശേഷിക്കുന്നത്. അത് എവേ പോരാട്ടമാണ്. ഗുജറാത്ത് ടൈറ്റന്‍സുമായാണ് മത്സരം. ഇതില്‍ ധോനി കളിക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ചെപ്പോക്കില്‍ മത്സരം കളിച്ച് ഐപിഎല്ലില്‍ നിന്നു വിരമിക്കണമെന്ന ആഗ്രഹമാണ് ധോനിക്കെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ കളിക്കാനിറങ്ങാഞ്ഞതോടെ ആ ആഗ്രഹം ഇത്തവണ നടക്കില്ലെന്നു വ്യക്തമായി.
മത്സര ശേഷം ധോനി ഗ്രൗണ്ടിലിറങ്ങി. ഇടവേളയ്ക്കു ശേഷമാണ് ഈ സീസണില്‍ ധോനി ചെപ്പോക്ക് മൈതാനത്ത് ഇറങ്ങിയത്. മുന്‍ വൈസ് ക്യാപ്റ്റനും സിഎസ്‌കെ ഐക്കണിലൊരാളുമായ സുരേഷ് റെയ്‌നയും ഇന്നലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. പോരാട്ടം കഴിഞ്ഞ ശേഷം ധോനി റെയ്‌നക്കൊപ്പം സെല്‍ഫി എടുത്തും ഗ്രൗണ്ടിനു ചുറ്റും നടന്നും ആരാധകരെ അഭിവാദ്യം ചെയ്തും കളത്തില്‍ നിറഞ്ഞു. സിഎസ്‌കെ താരങ്ങളോടും എസ്ആര്‍എച് താരങ്ങളോടും മുന്‍ നായകന്‍ സംസാരിക്കുന്നുണ്ടായിരുന്നു.
ഈ സീസണ്‍ ധോനിയുടെ അവസാന ഐപിഎല്ലായിരിക്കുമെന്നായിരുന്നു അദ്ദേഹം തന്നെ തന്ന സൂചനകള്‍. എന്നാല്‍ ഈ സീസണില്‍ ഒരു മത്സരവും താരം കളിക്കാതിരുന്നതോടെ അടുത്ത സീസണിലും ധോനി ടീമിനൊപ്പമുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഉള്ളില്‍ നിറഞ്ഞത്.
എന്നാല്‍ അതിനു സാധ്യതയില്ലെന്ന സൂചനയാണ് മലയാളി താരം സഞ്ജു സാംസണെ എത്തിച്ചതിലൂടെ സിഎസ്‌കെ നല്‍കുന്നതെന്നാണ് ആരാധക പക്ഷം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഈ സീസണില്‍ എല്ലാ മത്സരവും കളിച്ചത് സഞ്ജുവാണ്. അടുത്ത സീസണില്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ യുവ താരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെ സിഎസ്‌കെ രംഗത്തിറക്കിയാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറി. തോല്‍വിയോടെ ചെന്നൈയുടെ സാധ്യത ഏറെക്കുറെ അവസാനിച്ചു. 13 കളിയില്‍ നിന്ന് ഹൈദരാബാദിനും ഗുജറാത്തിനും 16 പോയിന്റായി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 18 പോയിന്റുമായി നേരത്തെ തന്നെ പ്ലേ ഓഫില്‍ കടന്നിരുന്നു. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി. പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളാണ് മത്സരിക്കുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 181 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി. 47 പന്തില്‍ 70 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ ഇന്നിങ്സാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 26 പന്തില്‍ 47 റണ്‍സടിച്ച ഹെയ്ന്റിച് ക്ലാസന്‍ ഇഷാന് മികച്ച പിന്തുണ നല്‍കി. സഞ്ജു സാംസന്റെ മിന്നല്‍ സ്റ്റംപിങില്‍ ക്ലാസന്‍ പുറത്തായപ്പോള്‍ ചെന്നൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇഷാന്‍ വമ്പന്‍ ഷോട്ടുകളുമായി ടീമിന് തുണയായി. ഇഷാന്‍ ഏഴ് ഫോറും മൂന്ന് സിക്സും നേടി.
27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ ഋതുരാജ് ഗെയ്ക്വാദ് (21 പന്തില്‍ 15), ഉര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13) എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമ്മിന്‍സ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates