

കൊളംബോ: ഐപിഎല്‍ കളിക്കാന്‍ അനുമതി നിഷേധിച്ച ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ച് ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ് തുഷാര. താരത്തിനു ഐപിഎല്‍ കളിക്കാനുള്ള എന്‍ഒസി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് താരം കൊളംബോ ജില്ലാ കോടതിയെ സമീപിച്ചത്.
നടപ്പ് ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കായി കളിക്കാനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കണമെന്നാണ് താരം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി ഈ മാസം 9നു പരിഗണിക്കും.
വിദേശ ടി20 ലീഗുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ലങ്കന്‍ ബോര്‍ഡ് പുതിയ നിര്‍ബന്ധിത ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഈ കടമ്പ കടക്കാന്‍ നുവാന്‍ തുഷാരയ്ക്കു സാധിച്ചില്ലെന്ന നിലപാടാണ് ബോര്‍ഡ് എന്‍ഒസി നിഷേധിക്കാന്‍ കാരണമായി പറയുന്നത്. ഇതോടെയാണ് വിഷയം കോടതി കയറിയത്.
ഫിറ്റ്‌നസ് ടെസ്റ്റിന്റെ അഞ്ച് സ്റ്റേജുകളുണ്ട്. ഇതില്‍ 29ല്‍ 17 പോയിന്റെങ്കിലും താരങ്ങള്‍ സ്വന്തമാക്കണം. തുഷാരയ്ക്ക് ഈ മാര്‍ക്ക് കടക്കാന്‍ സാധിച്ചില്ലെന്നു ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ആഷ്‌ലി ഡി സില്‍വ ചൂണ്ടിക്കാട്ടി.
എന്നാല്‍ ശ്രീലങ്ക ക്രിക്കറ്റുമായുള്ള തന്റെ സെന്‍ട്രല്‍ കരാര്‍ മാര്‍ച്ച് 31നു അവസാനിച്ചുവെന്നും പുതിയ കരാറിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്നു താന്‍ ബോര്‍ഡിനോടു വ്യക്തമാക്കിയിരുന്നു എന്നുമാണ് തുഷാരയുടെ വാദം. മുന്‍ ഐപിഎല്‍ സീസണുകളില്‍ കളിക്കാന്‍ ലങ്കന്‍ ബോര്‍ഡ് തനിക്ക് അനുമതി നല്‍കിയിരുന്നു. ഇത്തവണ തടയുന്നത് തന്റെ ആര്‍സിബി ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുമെന്നും മാത്രമല്ല ഭാവിയിലെ പ്രൊഫഷണല്‍ അവസരങ്ങളെ ഇതു ബാധിക്കുമെന്നും താരം ഹര്‍ജിയില്‍ പറയുന്നു.
എന്‍ഒസി ലഭിക്കാതെ കളിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതും ടീമിനൊപ്പം ചേരാന്‍ സാധിക്കാതെ വരുന്നതും തനിക്കു പകരം മറ്റൊരു താരത്തെ കൊണ്ടുവരാന്‍ ആര്‍സിബി നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടാക്കുമെന്ന ആശങ്കയും താരം പങ്കുവയ്ക്കുന്നതായി തുഷാരയോടു അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സീസണില്‍, നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബി മിന്നും ജയത്തോടെയാണ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates