

അഹമ്മദാബാദ്: ഐപിഎല്ലിലെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ യുവ താരം റിയാന്‍ പരാഗ് പുറത്തെടുക്കുന്ന മികവിനെ പ്രശംസിച്ച് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായിഡു. നായകനെന്ന നിലയില്‍ സഹ താരങ്ങളുടെ വിശ്വാസവും ബഹുമാനവും നേടിയെടുക്കാന്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ റിയാന്‍ പരാഗിനു സാധിച്ചുവെന്നു റായിഡു വ്യക്തമാക്കി.
'ടീമിനോട് അങ്ങേറ്റം ക്രിയാത്മകമായി പ്രതികരിക്കാന്‍ റിയാനു സാധിക്കുന്നു. അദ്ദേഹം മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. പരിശീലകര്‍ അദ്ദേഹത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിനു അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നു വ്യക്തം. ഒരു യുവ ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ആ ബഹുമാനം നേടിയെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ടീമംഗങ്ങള്‍ കളി ആസ്വദിക്കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്, അത് നല്ലൊരു സൂചനയാണ്'- റായിഡു വ്യക്തമാക്കി.
മലയാളി താരവും രാജസ്ഥാനെ ദീര്‍ഘനാള്‍ നയിച്ച ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് 2026 ഐപിഎല്‍ സീസണിനു മുന്നോടിയായി 24 കാരനായ റിയാന്‍ പരാഗിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ സമയത്ത് താത്കാലിക ക്യാപ്റ്റനായി പ്രവര്‍ത്തിച്ച പരിചയവും റിയാന്‍ പരാഗിനുണ്ട്.
ഈ സീസണിലെ ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. രാജസ്ഥാന്‍ 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ തന്ത്രത്തിനാണ് കൈയടി കിട്ടിയത്. അവസാന രണ്ട് ഓവറുകളില്‍ എറിയുന്ന ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചാണ് റിയാന്‍ കളി ടീമിനു അനുകൂലമാക്കിയത്.
അവസാന ഓവര്‍ എറിയാന്‍ തുഷാര്‍ ദേശ്പാണ്ഡെയെയാണ് റിയാന്‍ പന്തേല്‍പ്പിച്ചത്. ക്യാപ്റ്റന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. അവസാന ഓവറില്‍ ഗുജറാത്തിനു 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. തുഷാര്‍ 6 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയാണ് ടീമിനു നാടകീയ വിജയമൊരുക്കിയത്.
19ാം ഓവര്‍ എറിയാന്‍ ജോഫ്ര ആര്‍ച്ചറെയാണ് റിയാന്‍ നിയോഗിച്ചത്. പിന്നാലെയാണ് തുഷാറിനു പന്ത് നല്‍കിയത്. സന്ദീപ് ശര്‍മയും നാന്ദ്രെ ബര്‍ഗറുമാണ് രാജസ്ഥാന്റെ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍. ഇരുവര്‍ക്കും പന്ത് നല്‍കിയാണ് റിയാന്‍ തന്ത്രം മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates