

ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ ലോഗോ മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ആരാധകർ. ബംഗ്ലാദേശിന്റെ മുൻ താരമായ മഷ്റഫെ മൊർതാസയാണ് ഐപിഎൽ ലോഗോയിലുള്ളതെന്നു ആരാധകർ ചിത്രങ്ങളും ആകാശ് ചോപ്ര ഇക്കാര്യം പറയുന്നതിന്റേയും വിഡിയോ പങ്കിട്ട് ഒരു വിഭാഗം അവകാശപ്പെടുന്നു.
ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ കൂടിയായ മൊർതാസയുടെ ബാറ്റിങിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ലോഗോ തയ്യാറാക്കിയതെന്നും അതിനാൽ ഇന്ത്യ ഇതുപയോഗിക്കരുതെന്നുമാണ് ബംഗ്ലാ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ബിസിസിഐയോ, ഐപിഎൽ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മഷ്റഫെ മൊർത്താസ 2007ലെ ലോകകപ്പിൽ കളിച്ച ഒരു ഷോട്ടിൽ നിന്നാണ് ഐപിഎൽ സംഘാടകർ പ്രശസ്തമായ ലോഗോ കണ്ടെത്തിയതെന്നാണ് ബംഗ്ലദേശ് ആരാധകരുടെ നിലപാട്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന വെഞ്ചർ ത്രീ എന്ന ഏജൻസിയാണ് ഐപിഎലിന്റെ ലോഗോ ഡിസൈൻ ചെയ്തത്. മൊർതാസയാണോ ചിത്രത്തിലെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
2026 ഐപിഎലിനു വേണ്ടി മിനി ലേലത്തിൽ 9.20 കോടി രൂപ നൽകി മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയിരുന്നു. ഇത്തവണ ഐപിഎൽ ലേലത്തിൽ ടീമിലേക്ക് അവസരം കിട്ടിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറാണ്.
ആഭ്യന്തര പ്രശ്നങ്ങൾ അരങ്ങേറുന്ന ബംഗ്ലദേശിൽ ഹിന്ദു സമൂഹം നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമായതോടെ മുസ്തഫിസുറിനെ കളിപ്പിക്കരുതെന്നും ടീമിൽ നിന്നു ഒഴിവാക്കണണമെന്നും ആവശ്യമുയർന്നിരുന്നു. ഇന്ത്യയിൽ പ്രതിഷേധം കനത്തതോടെയാണ് ബിസിസിഐ ഇടപെട്ട് മുസ്തഫിസുറിനെ പുറത്താക്കിയത്.
ടി20 ലോകകപ്പിൽ കളിക്കാനെത്തില്ലെന്നും, ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലദേശിൽ ഐപിഎൽ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്നും പ്രാദേശിക ചാനലുകൾക്ക് ബംഗ്ലദേശ് സർക്കാർ കർശന നിർദ്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates