

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ 2025ൽ ഏറ്റ തിരിച്ചടികൾ 2026ൽ മറികടക്കാനുള്ള നിർണായക നിർദ്ദേശങ്ങൾ ബിസിസിഐയ്ക്കു മുന്നിൽ വച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. രോഹിത് ശർമ, വിരാട് കോഹ്‍ലി, ആർ അശ്വിൻ എന്നിവർ ടെസ്റ്റ് ടീമിന്റെ പടിയിറങ്ങിയ ശേഷം ഇന്ത്യയ്ക്കു വലിയ തിരിച്ചടികളാണ് റെഡ് ബോൾ ഫോർമാറ്റിൽ നേരിടേണ്ടി വന്നത്. 13 മാസത്തിനിടെ രണ്ട് ടെസ്റ്റ് പരമ്പകളിൽ ഇന്ത്യ നാട്ടിൽ സമ്പൂർണ പരമ്പര തോൽവികൾ ഏറ്റുവാങ്ങി. 2027ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഈ വർഷം ടെസ്റ്റിൽ മികച്ച പ്രകടനം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് ക്യാപ്റ്റന്റെ നിർണായക നിർദ്ദേശം.
ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീമംഗങ്ങൾക്ക് 15 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കണമെന്നാണ് ഗില്ലിന്റെ നിർദേശം. 2025ലെ ഷെഡ്യൂളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു ഗിൽ വ്യക്തമാക്കുന്നു. ഇതിന്റെ അഭാവം കളിയിൽ പ്രകടമായി.
‘ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുന്നതിന് മുൻപ് ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണ്. 2025ലെ ഷെഡ്യൂളിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനാൽ ടീമിന് തയാറെടുക്കാൻ ആവശ്യമായ സമയം കിട്ടിയില്ല. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് 15 ദിവസത്തെ റെഡ് ബോൾ ക്യാംപുകൾ ഉണ്ടെങ്കിൽ അത് അനുയോജ്യമായിരിക്കും- ഗിൽ നിർദ്ദേശിച്ചതായി ഒരു ബിസിസിഐ അംഗം വെളിപ്പെടുത്തി.
‘ഗിൽ ഇപ്പോൾ മികച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സെലക്ടർമാർക്കും ബിസിസിഐക്കും മുന്നിൽ കൂടുതൽ വ്യക്തതയോടെ അദ്ദേഹം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. രോഹിത് ശർമയ്ക്കു ശേഷം ശക്തനായ ഒരു ക്യാപ്റ്റന്റെ ആവശ്യകതയുള്ളതിനാൽ ഗിൽ കാര്യങ്ങൾ വ്യക്തമാക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയാണ്. ടെസ്റ്റ്, ഏകദിന ടീമുകൾ ഗില്ലിന്റേതാണ്. അദ്ദേഹത്തിൽ നിന്നു കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു’– ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
വളരെ തിരക്കേറിയതായിരുന്നു 2025ൽ ഇന്ത്യയുടെ ടെസ്റ്റ് ഷെഡ്യൂൾ. ദുബായിൽ ഏഷ്യാ കപ്പ് നേടി നാല് ദിവസത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ടീം കളിച്ചു. ഓസ്‌ട്രേലിയയുമായുള്ള അഞ്ചാം ടി20ക്കും ദക്ഷിണാഫ്രിക്കയുമായിട്ടുള്ള ആദ്യ ടെസ്റ്റിനും ഇടയിൽ വെറും ആറ് ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2026ലും കാര്യങ്ങൾ വ്യത്യസ്തമല്ല. അതിനാൽ ഓരോ പരമ്പരയ്ക്കും മുൻപ് 15 ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരിക്കും. ക്യാംപ് സംഘടിപ്പിച്ചാൽ ദേശീയ ക്രിക്കറ്റ് അക്കാദമി വിവിഎസ് ലക്ഷ്മണിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും വിവരമുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വൈറ്റ് ബോൾ ടീമിന്റെ തിരക്കിലായതിനാലാണ് ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates