

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കിടിലന്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ കരകയറ്റിയ ഇഷാന്‍ കിഷന് റെക്കോര്‍ഡ്. ടി20 ഫോര്‍മാറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് ചെയ്യുന്ന താരം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. മാത്രമല്ല ടി20 ഫോര്‍മാറ്റില്‍ ഇഷാന്‍ 2000 റണ്‍സ് പിന്നിടുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് ഇഷാന്‍ പഴങ്കഥയാക്കിയത്.
അഞ്ചാം ടി20യില്‍ ഓപ്പണര്‍മാരെ രണ്ട് പേരേയും 19 റണ്‍സിനിടെ നഷ്ടമായി പതറിയ ഇന്ത്യയെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം രക്ഷിച്ചെടുത്തത് ഇഷാനാണ്. താരമാണ് ടീമിന്റെ ടോപ് സ്‌കോററും. 32 പന്തില്‍ 5 സിക്‌സും 5 ഫോറും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചെടുത്തു.
ഈ വര്‍ഷം ഇതുവരെയായി 37 മത്സരങ്ങളും 37 ഇന്നിങ്‌സുകളും കളിച്ച് ഇഷാന്‍ 1,220 റണ്‍സാണ് സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവ് 2022ല്‍ 1,164 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 35.88 ആവറേജില്‍ 171.58 സ്‌ട്രൈക്ക് റേറ്റില്‍ ഇഷാന്‍ 1,220 റണ്‍സ് സ്വന്തമാക്കിയത്. 2022ല്‍ സൂര്യകുമാര്‍ യാദവ് 31 മത്സരങ്ങളില്‍ നിന്നാണ് 1,164 റണ്‍സ് നേടിയത്. 46.56 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 187.43. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്നതില്‍ മലയാളി താരം സഞ്ജു സാംസണൊപ്പം നിര്‍ണായക ബാറ്റിങുമായി കളം വാണ താരമാണ് ഇഷാന്‍. ലോകകപ്പില്‍ താരം 317 റണ്‍സ് നേടി.
28കാരനായ താരം 69ാം ഇന്നിങ്‌സ് കളിച്ച് ടി20യില്‍ 2000 റണ്‍സും പൂര്‍ത്തിയാക്കി. പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 ടി20 റണ്‍സുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും ഇഷാന്‍ മാറി. 1,345 പന്തുകളില്‍ നിന്നാണ് ഇഷാന്‍ 2000 റണ്‍സിലെത്തിയത്. 1,024 പന്തില്‍ 2000 റണ്‍സിലെത്തിയ അഭിഷേക് ശര്‍മയാണ് റെക്കോര്‍ഡില്‍ ഒന്നാമന്‍. സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്. താരം 1,164 പന്തുകള്‍ നേരിട്ടാണ് 2000 റണ്‍സിലെത്തിയത്.
നിലവില്‍ താരത്തിന് 2,016 റണ്‍സുണ്ട്. 69 കളിയില്‍ നിന്നാണ് ഇത്രയും റണ്‍സ്. 206 ഫോറുകളും 96 സിക്‌സുകളും ഇഷാന്‍ പറത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates