

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്ത്. പരിക്കിനെ തുടര്‍ന്ന് വെല്ലിങ്ടനില്‍ നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഇഷാന് തുടയുടെ അടിഭാഗത്ത് പരിക്കേറ്റത്. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഒക്ടോബര്‍ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ടി20യില്‍ താരം കളിക്കില്ല. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
ഇഷാന് പകരക്കാരനായി കുമാര്‍ കുശാഗ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ മത്സരത്തില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇഷാന്റെ അഭാവത്തില്‍ രണ്ടാം ടി20 മത്സരത്തില്‍ മൂന്നാം നമ്പറിലാണ് യുവതാരം വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. 8 പന്തില്‍ 4 റണ്‍സ് മാത്രം എടുത്ത് വൈഭവ് പുറത്തായിരുന്നു. ഓപ്പണറായി മാത്രം കളിച്ചു ശീലമുള്ള വൈഭവിന് വണ്‍ ഡൗണ്‍ പൊസിഷനില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.
ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ മുന്‍ താരങ്ങള്‍ വൈഭവിനെ അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങ്ങില്‍ തന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പരിലേക്ക് മാറ്റണമെന്നും മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നു. മൂന്നാം ടി20യിലും ഇഷാന്‍ പുറത്തായ സാഹചര്യത്തില്‍, വൈഭവ് സൂര്യവംശിക്ക് തന്റെ പ്രതിഭ തെളിയിക്കാന്‍ മറ്റൊരു അവസരം കൂടി ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates