

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് മറികടക്കാന്‍ റൂട്ടിന് 120 റണ്‍സ് കൂടി മതി. മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ നേട്ടം സ്വന്തമാക്കിയാല്‍ പട്ടികയില്‍ സച്ചിന് താഴെ രണ്ടാം സ്ഥാനം കണ്ടെത്താനും താരത്തിന് കഴിയും.
പരമ്പരയില്‍ ഇതുവരെയുള്ള മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 50.60 ശരാശരിയില്‍ 253 റണ്‍സാണ് റൂട്ടിന്റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ജോ റൂട്ട്. ഇതുവരെ 156 ടെസ്റ്റുകളിലും 285 ഇന്നിങ്സുകളിലും നിന്ന് 50.80 ശരാശരിയില്‍ 13,259 റണ്‍സ് താരം നേടിയിട്ടുണ്ട്. 37 സെഞ്ച്വറിയും 66 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നതാണിത്. 262 റണ്‍സാണ് മികച്ച സ്‌കോര്‍.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സച്ചിന് 200 ടെസ്റ്റുകളിലും 329 ഇന്നിങ്സുകളില്‍ നിന്ന് 53.78 ശരാശരിയില്‍ 15,921 റണ്‍സാണുള്ളത്. മാഞ്ചസ്റ്ററില്‍ റൂട്ട് 30 റണ്‍സ് കൂടി നേടിയാല്‍ രാഹുല്‍ ദ്രാവിഡിനെ (13,288 റണ്‍സ്, 164 ടെസ്റ്റുകള്‍) മറികടക്കും. 120 റണ്‍സ് നേടുന്നതിലൂടെ ജാക്വസ് കാലിസിനെ (13,289 റണ്‍സ്, 166 ടെസ്റ്റുകള്‍), റിക്കി പോണ്ടിങ് (13,378 റണ്‍സ്, 168 ടെസ്റ്റുകള്‍) എന്നിവരെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും.
മാഞ്ചസ്റ്ററില്‍ ജോ റൂട്ടിന് മികച്ച റെക്കോര്‍ഡുണ്ട്. ഈ മൈതാനത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് റൂട്ട്. ഇവിടെ 11 ടെസ്റ്റുകളിലും 19 ഇന്നിങ്സുകളിലും നിന്ന് 65.20 ശരാശരിയില്‍ 978 റണ്‍സ് താരം നേടിയിട്ടുണ്ട്, ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നതാണിത്. മാഞ്ചസ്റ്ററിലെ താരത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍ 254 റണ്‍സാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates