

കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം. തൃശൂർ മാജിക് എഫ്സിയെയാണ് കണ്ണൂർ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂരിന്റെ ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കഴിഞ്ഞ സീസണിലെ ഫൈനൽപ്പോരാളികളാണ് ഇത്തവണ അതേ സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയത്. നിലവിലെ ജേതാക്കളാണെന്ന ആത്മവിശ്വാസത്തിലാണ് കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക് എഫ്സിക്കെതിരേ കളിക്കാനിറങ്ങിയത്. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളുമായെത്തിയ കണ്ണൂർ കളിക്കളത്തിലും മികവോടെ പന്തുതട്ടി.
ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമണ ഫുട്ബോളുമായി കളം നിറഞ്ഞ കണ്ണൂർ തൃശ്ശൂരിനെ പ്രതിരോധത്തിലാക്കി. 18-ാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട് കണ്ണൂർ എതിരാളിയെ ഞെട്ടിച്ചു. അൽവാരസ് ഗോമസാണ് കണ്ണൂരിനായി ഗോളടിച്ചത്.
ലീഡെടുത്തതിനു ശേഷവും കണ്ണൂർ മുന്നേറ്റങ്ങൾ തുടർന്നു. അതേസമയം പന്ത് കൈവശം വെച്ച് കളിച്ച് തൃശൂർ തിരിച്ചടിക്കാൻ സകല തന്ത്രവും പയറ്റി. എന്നാൽ കണ്ണൂർ പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യപകുതി ഒരുഗോളിന് കണ്ണൂർ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ തൃശൂരിൻ്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് കണ്ണൂർ ജയത്തോടെ തുടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates