'ഐപിഎൽ കാരണം കരിയർ തന്നെ ഇല്ലാതായി, എന്നെ വേട്ടയാടി'; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി കെവിൻ പീറ്റേഴ്സൻ

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി തർക്കമുണ്ടായെന്നും പീറ്റേഴ്സൻ
Kevin Pietersen IPL
Kevin Pietersenx
Updated on
2 min read

മുംബൈ: തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയർ നശിക്കാനുള്ള പ്രധാന കാരണം ഐപിഎൽ ആണെന്ന ​ഗുരുതര ആരോപണവുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ കെവി‍ൻ പീറ്റേഴ്സൻ. ഐപിഎൽ 19ാം സീസൺ പുരോ​ഗമിക്കുന്നതിനിടെയാണ് മുൻ താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു, ഡൽഹി ക്യാപിറ്റൽസ് (അന്ന് ഡൽഹി ഡെയർഡെവിൾസ്), സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായി പീറ്റേഴ്സൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായും താരം പ്രവർത്തിച്ചു.

ഐപിഎൽ കളിക്കാൻ വേണ്ടി ഇം​ഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായുണ്ടായ (ഇസിബി) തർക്കമാണ് തന്റെ കരിയർ അകാലത്തിൽ അവസാനിക്കാൻ കാരണമെന്നു അദ്ദേഹം പറയുന്നു. യുട്യൂബർ രൺവീൽ അല്ലാബാദിയുമായുള്ള സംഭാഷണത്തിലാണ് കെവിൻ പീറ്റേഴ്സന്റെ തുറന്നുപറച്ചിൽ. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ തന്നെ വേട്ടയാടാൻ ഇസിബി മാധ്യമങ്ങളെ ഉപയോ​ഗിച്ചുവെന്ന ആരോപണവും പീറ്റേഴ്സൻ അഭിമുത്തിൽ ഉന്നയിക്കുന്നു.

'ഞാൻ ത്യാ​ഗങ്ങൾ സഹിച്ചാണ് ഐപിഎൽ കളിച്ചത്. എനിക്ക് എന്റെ കരിയർ തന്നെ നഷ്ടമായി. ഇസിബിയിലെ എല്ലാവരും എനിക്കെതിരെ തിരിയാനുള്ള കാരണവും അതാണ്. എന്റെ ഇം​ഗ്ലണ്ട് കരിയർ അവസാനിക്കുമ്പോൾ എനിക്ക് 33 വയസായിരുന്നു. 104 ടെസ്റ്റുകളാണ് കളിച്ചത്. ഞാൻ 150-160 ടെസ്റ്റുകളെങ്കിലും കളിക്കണമെന്നു ആ​ഗ്രഹിച്ചിരുന്നു. 12,000- 13,000 റൺസ് നേടാനും ലക്ഷ്യമിട്ടിരുന്നു. അതായിരുന്നു എനിക്കു വേണ്ടിയിരുന്നത്. ദി ടെല​ഗ്രാഫ് പത്രത്തെ ഉപയോ​ഗിച്ച് ഇസിബി എന്നെ വേട്ടയാടി. അത് വലിയ തോതിൽ അന്നു വാർത്തയുമായിരുന്നു. ഇപ്പോൾ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത്. അതിനാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിലേക്ക് പോകാൻ താത്പര്യമില്ല.'

Kevin Pietersen IPL
'തീരുമാനം തെറ്റാണ്, പക്ഷെ വിമർശിക്കാൻ സമയമായിട്ടില്ല'; രഹാനയ്ക്ക് പിന്തുണയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം

2008ൽ പ്രഥമ ഐപിഎൽ സീസണിൽ കളിക്കാൻ ഇം​ഗ്ലണ്ട് താരങ്ങൾക്ക് ഇസിബി അനുമതി നൽകിയിരുന്നില്ല. ആ സീസണിൽ ദിമിത്രി മസ്കരാനസ് മാത്രമാണ് ഐപിഎൽ കളിച്ച ഇം​ഗ്ലണ്ട് താരം. 2009ൽ മൂന്നാഴ്ച കളിക്കാനുള്ള അനുമതിയാണ് ഇം​ഗ്ലീഷ് താരങ്ങൾക്കു കിട്ടിയത്. പിന്നാലെയാണ് കെവിൻ പീറ്റേഴ്സൻ ആർസിബിയിൽ എത്തുന്നത്. പിന്നീട് ഐപിഎല്ലിനു മുൻ​ഗണന നൽകാനുള്ള പീറ്റേഴ്സന്റെ തീരുമാനം ഇസിബിയെ ചൊടിപ്പിച്ചു. ഐപിഎൽ കളിക്കാനുള്ള തന്റെ തീരുമാനം കരിയറിനെ ബാധിച്ചെങ്കിലും പുതു തലമുറയിലെ ഇം​ഗ്ലീഷ് താരങ്ങൾക്കും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാൻ തന്റെ സമീപനം സഹായിച്ചതായി പീറ്റേഴ്സൻ പറയുന്നു.

'കഴിഞ്ഞ ദിവസം ഞാൻ ജോസ് ബട്ലറെ ഇന്റർവ്യു ചെയ്തിരുന്നു. അദ്ദേഹവും എന്നോടു നന്ദി പറഞ്ഞു. ഞാൻ ചെയ്ത ത്യാ​ഗങ്ങൾ കാരണം പുതിയ കളിക്കാർക്ക് അതിന്റെ ​ഗുണഫലങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു'- പീറ്റേഴ്സൻ വ്യക്തമാക്കി.

ഇം​ഗ്ലണ്ട് ക്രിക്കറ്റ് സംഭാവന ചെയ്ത ഇതിഹാസ താരമാണ് കെവിൻ പീറ്റേഴ്സൻ. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം ഇം​ഗ്ലണ്ടിനായാണ് രാജ്യന്തര ക്രിക്കറ്റിൽ കളിച്ചത്. ടെസ്റ്റിൽ 23 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളും അടക്കം 8,181 റൺസ് അദ്ദേഹം നേടി.

Kevin Pietersen IPL
മിച്ചല്‍ സ്റ്റാര്‍ക്ക് വരും... പക്ഷേ, ഡല്‍ഹി ഇനിയും കാത്തിരിക്കണം
Summary

‘I lost my career’ because of IPL, claims former RCB and England star Kevin Pietersen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com