കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്സിനെ നേരിടും. കൊൽക്കത്തയിലെ ഇഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ബാറ്റർമാർക്ക് അനുകൂലമായ സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇവിടെ നടന്ന അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 226 റൺസ് ആണ് അടിച്ചെടുത്തത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ മികച്ച സ്കോർ പ്രതീക്ഷിക്കാം.
മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയ്ക്ക് ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി അറിഞ്ഞതോടെ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയിൽ തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ടീമിലെ ഫാസ്റ്റ് ബൗളർമാരുടെ അഭാവമാണ് പ്രധാന തിരിച്ചടി.
പരിക്കേറ്റ് പല താരങ്ങളും പുറത്തായതോടെ വേണ്ട രീതിയിൽ തിളങ്ങാൻ ഇപ്പോഴുള്ള ടീമിന്റെ ബൗളിങ് നിരയ്ക്ക് ആയിട്ടില്ല. നായകൻ അജിൻക്യ രഹാനയുടെ സ്ഥിതിയും മോശമാണ്. കഴിഞ്ഞ മത്സരത്തിൽ വ്യക്തിപരമായി റൺസ് നേടുന്നതിൽ രഹാനെ പരാജയപ്പെട്ടിരുന്നു. കാർത്തിക ത്യാഗി, അംഗ്‍കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് കിങ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ടീമിന് കഴിഞ്ഞിരുന്നു. പ്രിയാംശ് ആര്യ,കൂപ്പർ കനോലി, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരടങ്ങുന്ന യുവ നിരയാണ് ടീമിന്റെ കരുത്ത്. ബൗളിങ്ങിലും പഞ്ചാബ് ശക്തമാണ്. അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചഹൽ എന്നിവർ എതിരാളികൾക്ക് വലിയ വെല്ലു വിളി ഉയർത്തുന്നുണ്ട്.
ഇതുവരെ 35 മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 21 മത്സരങ്ങളിലും വിജയം കൊൽക്കത്തയ്ക്ക് ഒപ്പമായിരുന്നു. പഞ്ചാബ് 13 മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.
അതേ സമയം, മത്സരം മഴ മുടക്കുമോ എന്നാണ് ആശങ്ക. ഞായറാഴ്ച മഴ കാരണം ഇരു ടീമുകളുടെയും പരിശീലനം തടസ്സപ്പെട്ടിരുന്നു. എന്നാൽ മത്സര ദിവസം 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും മത്സരം നടക്കുന്ന സമയം അത് 26 ഡിഗ്രി വരെ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates