

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും മികച്ച ടീം ടോട്ടല്‍ ഉയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിങ്‌സിനെതിരായ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഡല്‍ഹി തൂക്കിയത് 264 റണ്‍സ്. 2 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയുടെ കത്തും ബാറ്റിങ്.
മിന്നും സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കെഎല്‍ രാഹുലിന്റെ കിടിലന്‍ ബാറ്റിങാണ് ഡല്‍ഹിക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം നിതീഷ് റാണയുടെ സെഞ്ച്വറിയോടടുത്ത മികവും ഡല്‍ഹി സ്‌കോറില്‍ നിര്‍ണായകമായി. ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഐപിഎല്‍ കരിയറിലെ ആറാം സെഞ്ച്വറിയാണ് രാഹുല്‍ കുറിച്ചത്. 47 പന്തില്‍ 12 ഫോറും 5 സിക്‌സും സഹിതം 102 റണ്‍സെടുത്താണ് രാഹുല്‍ ശതകത്തിലെത്തിയത്. ബാറ്റിങ് അവസാനിക്കുമ്പോള്‍ താരം 67 പന്തില്‍ 9 സിക്‌സും 16 ഫോറും സഹിതം 152 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്.
നിതീഷ് റാണയും കത്തും ഫോം തുടര്‍ന്നു. താരത്തിനു 9 റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 4 സിക്‌സും 11 ഫോറും സഹിതം നിതീഷ് 44 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 220 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
പതും നിസ്സങ്കയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒന്നിച്ച രാഹുലും നിതീഷ് റാണയും ചേര്‍ന്നു മികച്ച സ്‌കോറിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. നിസ്സങ്ക 11 റണ്‍സുമായി മടങ്ങി. ഡേവിഡ് മില്ലര്‍ 3 റണ്‍സുമായി പുറത്താകാതെ നിന്നു.
ഡല്‍ഹിക്കു നഷ്ടമായ രണ്ട് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സിങും സേവ്യര്‍ ബാര്‍ട്‌ലെറ്റും പങ്കിട്ടും. ബാര്‍ട്‌ലെറ്റിനാണ് കൂടുതല്‍ തല്ല് കിട്ടിയത്. താരം 4 ഓവറില്‍ 69 റണ്‍സാണ് വഴങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates