

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച് സീസണിൽ ഗംഭീരമായി മുന്നേറ്റം തുടരുന്നതിനിടെ അപ്രതീക്ഷിത തോൽവി വഴങ്ങി മുൻ ചാംപ്യൻമാരായ റയൽ മാഡ്രിഡ്. എവേ പോരാട്ടത്തിൽ മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസാണ് വമ്പൻമാരെ ഞെട്ടിച്ചത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് റയൽ തോറ്റത്. കളി തീരാൻ 10 മിനിറ്റുകൾ അവശേഷിക്കെയാണ് റയൽ ഗോൾ വഴങ്ങിയത്. 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയത്ത് സമനില പിടിക്കാനുള്ള അവസരം അവർക്ക് കിട്ടിയെങ്കിലും ഫ്രഞ്ച് നായകനും സൂപ്പർ സ്ട്രൈക്കറുമായ കിലിയൻ എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തിയത് അവർക്ക് ഇരുട്ടടിയായി മാറുകയും ചെയ്തു.
കളിയുടെ 81ാം മിനിറ്റിൽ ട്രോയ് പാരറ്റാണ് ബെറ്റിസിന്റെ വിജയ ഗോൾ വലയിലാക്കിയത്. റയലിന്റെ ഗോൾ ശ്രമങ്ങളെ സമർഥമായി തടഞ്ഞ് ബാറിനു കീഴിൽ ആൽവരോ വാലെസും നിറഞ്ഞു നിന്നതോടെ ബെറ്റിസ് ഗംഭീര വിജയം സ്വന്തമാക്കി.
കളിയിൽ റയൽ നിരന്തരം ആക്രമിച്ചപ്പോൾ സമാന രീതിയിൽ തന്നെ ബെറ്റിസും കളിച്ചു. അവരും ആക്രമണത്തിൽ മികച്ചു നിന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാന ഘട്ടം വരെയും ഇരു പക്ഷത്തിനും പക്ഷേ ഗോൾ നേടാനായില്ല. 81ാം മിനിറ്റിൽ ലഭിച്ച കോർണറാണ് ഗോളിൽ കലാശിച്ചത്. കോർണറിൽ നിന്നു ലഭിച്ച പന്ത് നെൽണസ്‍ ഡിയോസ ശക്തമായ ഹെഡ്ഡറിലൂടെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും റയൽ ഗോൾ കീപ്പർ തിബോട്ട് കോട്ടുവ ആ ശ്രമം തടുത്തിട്ടു. എന്നാൽ റീബൗണ്ടായി ലഭിച്ച പന്ത് പാരറ്റ് അതിവേഗം പഴുതില്ലാതെ വലയിലാക്കി. അതിനിടെ റയൽ സമനില ഗോൾ അടിച്ചെങ്കിലും അത് ഓഫ് സൈഡായത് തിരിച്ചടിയായി.
മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നതിനു പിന്നാലെ വിനീഷ്യസ് ജൂനിയറിനെ നതാൽ ബോക്സിൽ വീഴ്ത്തിയതിനു റയലിനു അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത എംബാപ്പെയുടെ ദുർബലമായ ഷോട്ട് ബെറ്റിസ് ഗോൾ ഗോൾ കീപ്പർ വാലെസ് കൃത്യമായി കണക്കുകൂട്ടി തന്നെ തടുത്തിട്ടു. അതോടെ റയലിന്റെ പ്രതീക്ഷകളും അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates